റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടൻ ഉണ്ടാവുമെന്ന് സൂചന. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദ് ചെയ്‌ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നുവെന്ന് റിയാദ് സഹായസമിതി നേതാക്കൾ വാർത്താ കുറിപ്പിൽ പറഞ്ഞു.
പൊതു അവകാശം സംബന്ധിച്ച് അന്തിമ വിധിക്കായി റിയാദ് ക്രിമിനൽ കോടതിയിൽ നൽകിയ ഹരജി കോടതി സ്വീകരിച്ചു. ഹരജിയിൽ ഉടൻ വാദം കേൾക്കുമെന്നും നിയമസഹായസമിതി വ്യക്‌തമാക്കി. കേസ് അന്വേഷിച്ചു റിപ്പോർട് നൽകുന്ന പബ്ളിക് പ്രോസിക്യൂഷൻ വിഭാഗം കേസുമായി ബന്ധപ്പെട്ട ഫയൽ കോടതിക്ക് ഇന്നലെ കൈമാറിയിരുന്നു.
ഇനി വൈകാതെ കോടതി മോചന ഉത്തരവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ജവാസാത്ത് വിഭാഗം ഫൈനൽ എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കും. തുടർന്ന് ഇന്ത്യൻ എംബസി യാത്രാരേഖ നൽകുന്നതോടെ റഹീമിന് ജയിൽ മോചിതനായി രാജ്യം വിടാനാകും.
18 വർഷമായി ജയിലിലുള്ള ഫറോക്ക് സ്വദേശി എം പി അബ്‌ദുൾ റഹീമിന്റെ മോചനത്തിനായാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഒരേ മനസോടെ പണം സമാഹരിച്ചത്. സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ കൈയബദ്ധം മൂലം മരിച്ച സംഭവത്തിലാണ് കോടതി റഹീമിന് വധശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സമ്മതമാണെന്ന് കുട്ടിയുടെ കുടുംബം അറിയിച്ചതോടെയാണ് പണസമാഹരണം നടത്തി തുക കൈമാറിയത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്







































