മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകൾ വേണമെന്ന് ശിവസേനാ ഷിൻഡെ വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ സീറ്റ് വിഭജനം എൻഡിഎക്ക് തലവേദനയായി. ആകെ 288 സീറ്റുകളുള്ള സംസ്‌ഥാനത്ത് 160 സീറ്റുകളിൽ ബിജെപി മൽസരിക്കാൻ പദ്ധതിയിട്ടിരിക്കെയാണ് സീറ്റ് വിഭജനത്തിൽ തർക്കം നിലനിൽക്കുന്നത്.
സഖ്യകക്ഷികൾ തമ്മിൽ പരസ്യമായ ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ അന്ത്യശാസനം ഉണ്ടായിട്ട് പോലും എൻഡിഎയിൽ പോര് തീരുന്നില്ല. മറ്റൊരു സഖ്യകക്ഷിയായ എൻസിപി അജിത് പക്ഷം 60ലേറെ സീറ്റുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യഥാർഥ ശിവസേനയായി തങ്ങളെയാണ് ജനം അംഗീകരിച്ചതെന്നും ഉദ്ധവ് പക്ഷത്തേക്കാൾ മറാഠി, ഹൈന്ദവ വോട്ടകൾ തങ്ങൾക്കാണ് ലഭിച്ചതെന്നും കഴിഞ്ഞ ദിവസം അമിത് ഷായുമായി മുംബൈയിൽ നടത്തിയ ചർച്ചയിൽ ഷിൻഡെ വിഭാഗം അറിയിച്ചിരുന്നു.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ജനപ്രീതി വർധിക്കുകയാണെന്നും 100 സീറ്റ് അനുവദിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ എൻഡിഎക്ക് പരാജയപ്പെടുത്താൻ സാധിക്കുമെന്നും കൂടിക്കാഴ്‌ചയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. 100 സീറ്റ് ചോദിക്കുന്ന ഷിൻഡെ വിഭാഗം 80-90 സീറ്റുകൾ എങ്കിലും ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്. എന്നാൽ, ചുരുങ്ങിയത് 60 സീറ്റുകൾ ലക്ഷ്യമിടുന്ന അജിത് പക്ഷത്തിന് അത്രയും ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു.
Most Read| ഹേമ കമ്മിറ്റി റിപ്പോർട്; പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി







































