വാഷിങ്ടൺ: കോവിഡ് ബാധിതർക്കുള്ള ചികിൽസക്ക് വൈറസ് പ്രതിരോധ മരുന്നായ റെംഡെസിവിയറിന് (Remdesivir) പൂർണ അനുമതി നൽകി യുഎസ്. നിലവിൽ കോവിഡ് രോഗികളെ ചികിൽസിക്കാൻ ആകെ ലഭ്യമായ മരുന്ന് ഡെസിവിയർ മാത്രമാണെന്ന് മരുന്ന് നിർമാതാക്കളായ ഗിലിയഡ് അവകാശപ്പെടുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ മരുന്നിന് അനുമതി നൽകിയത്.
കോവിഡിനുള്ള അടിയന്തര ചികിൽസ എന്ന നിലയിലാണ് ഡെസിവിയർ യുഎസ് തെരഞ്ഞെടുത്തത്. നിരവധി ക്ളിനിക്കൽ പരീക്ഷണത്തിന് ശേഷമാണ് മരുന്നിന് അനുമതി നൽകിയതെന്ന് അധികൃതർ വ്യക്‌തമാക്കി. എങ്കിലും, കോവിഡ് പ്രതിസന്ധി മൂലമുണ്ടായ പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥ അവസാനിച്ച് കഴിഞ്ഞാൽ ഡെസിവിയറിന്റെ അനുമതി റദ്ദാക്കിയേക്കാമെന്നും അധികൃതർ സൂചിപ്പിച്ചു.
കുട്ടികളിൽ മരുന്ന് ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. 12 വയസിന് മുകളിൽ പ്രായമുള്ള 40 കിലോഗ്രാമിൽ അധികം ഭാരമുള്ള കുഞ്ഞുങ്ങളിൽ മാത്രമേ മരുന്ന് ഉപയോഗിക്കാൻ പാടുള്ളൂ. എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ 12 വയസിന് താഴെയുള്ള കുട്ടികളിലും ഡെസിവിയർ ഉപയോഗിക്കാം. 3.5 കിലോഗ്രാം ഭാരമെങ്കിലും ഇവർക്ക് ഉണ്ടായിരിക്കണം.
ഡെസിവിയറിന് പുറമേ മറ്റ് ചില മരുന്നുകൾക്കും യുഎസ് അനുമതി നൽകിയിട്ടുണ്ട്. യുഎസിന് പുറമേ യൂറോപ്പ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ഡെസിവിയറിന് താൽക്കാലിക അനുമതിയുണ്ട്. കുത്തിവെപ്പിലൂടെയാണ് ഈ മരുന്ന് രോഗികൾക്ക് നൽകുന്നത്. ഡെസിവിയർ കുത്തിവെച്ച ചില കോവിഡ് രോഗികൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രോഗമുക്‌തി നേടിയതായി ഗിലിയഡ് വാദിക്കുന്നു. ഒക്‌ടോബർ ആദ്യം കോവിഡ് ബാധിതനായ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് മറ്റ് മരുന്നുകളോടൊപ്പം ഡെസിവിയറും നൽകിയിരുന്നു.
എബോള എന്ന വൈറൽ പനിയെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഡെസിവിയർ ആദ്യമായി വികസിപ്പിച്ചെടുത്തത്. യുഎസിൽ അനുമതി ലഭിച്ചതോടെ ഗിലിയഡിന്റെ ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരിയിൽ 4 ശതമാനത്തോളം വർധനയാണ് ഉണ്ടായത്.
Read Also: ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് യോഗത്തില്‍ പങ്കെടുക്കും







































