ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഗോവയിൽ നിന്നും കാർവാറിലെത്തിച്ച ഡ്രഡ്‌ജർ ഇന്ന് തന്നെ ഷിരൂരിൽ എത്തിക്കാനാണ് നീക്കം.
ഗംഗാവലി പുഴയിലെ പാലത്തിനടിയിലൂടെ പോകേണ്ടതിനാൽ വേലിയിറക്ക സമയത്താകും ഡ്രഡ്‌ജർ ഷിരൂരിലേക്ക് കൊണ്ടുപോവുക. നാവികസേനാ സംഘം ഇന്ന് ഗംഗാവലി പുഴയിൽ മണ്ണിടിച്ചിലുണ്ടായ സ്‌ഥലത്ത് വിശദമായ പരിശോധന നടത്തും. ഗോവയിൽ നിന്നെത്തിച്ച ഡ്രഡ്‌ജർ ഇന്നലെയാണ് കാർവാർ തീരത്തെത്തിയത്. ഇരുപത്തിയെട്ടര മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള ഡ്രഡ്‌ജറാണ് ഇത്.
വെള്ളത്തിന്റെ അടിത്തട്ടിൽ മൂന്നടി വരെ മണ്ണെടുക്കാനും കഴിയും. ഒരു ഹിറ്റാച്ചി, ക്രെയിൻ, പുഴയിൽ ഉറപ്പിച്ചു നിർത്താൻ രണ്ടു ഭാരമേറിയ തൂണുകൾ എന്നിവയാണ് ഡ്രഡ്‌ജറിന്റെ പ്രധാന ഭാഗങ്ങൾ. നാവികസേനയുടെ സോണാർ പരിശോധനയിൽ ലോഹഭാഗങ്ങൾ കണ്ടിടത്താകും ആദ്യഘട്ട തിരച്ചിൽ നടത്തുക.
ലോറിയുടെ മീതെ പതിച്ച മുഴുവൻ മണ്ണും പാറക്കല്ലുകളും പൊടിച്ചു വെള്ളത്തോടൊപ്പം നീക്കം ചെയ്യും. മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങൾ അടക്കമുള്ളവയും നീക്കും. ഇതിന് മൂന്നുമുതൽ ഏഴ് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ഓഗസ്‌റ്റ് 16നാണ് മോശം കാലാവസ്‌ഥയെ തുടർന്ന് അർജുനായുള്ള തിരച്ചിൽ നിർത്തിവെച്ചത്.
ജൂലൈ 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദ്രുതഗതിയിലായത്. അടിയൊഴുക്ക് ശക്‌തമായതിനാൽ ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നായിരുന്നു തിരച്ചിലിന് തടസം നിൽക്കുന്ന ഘടകം.
Most Read| സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും








































