ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തി. ലോറിയുടമ മനാഫ് ഇത് അർജുന്റെ ലോറിയുടേതാണെന്ന് സ്‌ഥിരീകരിച്ചു. പുഴയിൽ നിന്ന് മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ, പൊട്ടിവീണ ഇലക്‌ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവികസേനാ സംഘം മാർക്ക് ചെയ്‌ത സ്‌ഥലത്ത് നിന്നാണ് കയർ കിട്ടിയത്. ഇനിയും നീളത്തിൽ കയർ ഉണ്ടെന്നും ഇതിന്റെ അറ്റം പിടിച്ചു പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മനാഫ് പറയുന്നു. ഇപ്പോൾ തിരയുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും മനാഫ് പറഞ്ഞു.
അതേസമയം, പുഴയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്‌ഥിയുടെ ഭാഗം ഡിഎൻഎ പരിശോധനക്കായി ഐഎഫ്എസ്‌എല്ലിലേക്ക് അയച്ചു. ഫലം ലഭിക്കാൻ അഞ്ചുദിവസത്തോളം സമയം എടുക്കും. മനുഷ്യന്റേതാണോ അതോ മൃഗങ്ങളുടെ അസ്‌ഥിയുടെ ഭാഗമാണോ എന്ന കാര്യത്തിൽ തീർപ്പ് കൽപ്പിക്കുന്നതും ലാബിലെ പരിശോധനാ ഫലം വന്ന ശേഷം മാത്രമാകും. നേരത്തെ, തന്നെ കാണാതായ ആളുകളുടെ ബന്ധുക്കളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിരുന്നു.
ഓഗസ്‌റ്റ് 16നാണ് മോശം കാലാവസ്‌ഥയെ തുടർന്ന് അർജുനായുള്ള തിരച്ചിൽ നിർത്തിവെച്ചത്. ജൂലൈ 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദ്രുതഗതിയിലായത്.
Most Read| കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; സുപ്രീം കോടതി