ബെയ്‌റൂട്ട്: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്‌റല്ലയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെ ഹിസ്ബുല്ലയെ ഇനിയാര് നയിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. 32 വർഷം ഹിസ്ബുല്ലയെ നയിച്ച നസ്‌റല്ലയുടെ കൊലപാതകം ലബനൻ സായുധ സംഘടനയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിട്ടുള്ളത്.
നസ്‌റല്ലയ്‌ക്ക് പുറമെ ഹിസ്ബുല്ല ഭരണനേതൃത്വത്തിലെ പ്രധാനികളായ പത്തോളം പേരെയും ഇസ്രയേൽ തുടച്ച് നീക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനിയാരാകും ഹിസ്ബുല്ലയെ നയിക്കുക എന്നതാണ് ചോദ്യം. നസ്‌റല്ലയുടെ സ്‌ഥാനത്തേക്ക് ഹാഷിം സഫിയെദ്ദീൻ വരാനാണ് കൂടുതൽ സാധ്യതയെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
നസ്‌റല്ലയുടെ ബന്ധുവും ഹിസ്ബുല്ല എക്‌സിക്യൂട്ടിവ് കൗൺസിൽ മേധാവിയുമാണ് സഫിയെദ്ദീൻ. ഹിസ്ബുല്ലയുടെ രാഷ്‌ട്രീയ- സാമ്പത്തിക കാര്യങ്ങളിൽ നിർണായക പങ്കുവഹിക്കുന്നയാളാണ് സഫിയെദ്ദീൻ. ഇദ്ദേഹം ഇറാനുമായും അടുത്ത ബന്ധം പുലർത്തുന്നതിനാൽ അവർക്കും സ്വീകാര്യനാകും.
ഇറാൻ മതനേതാക്കളുടെ പഠന കേന്ദ്രമായ ഖോമിൽ തന്നെയായിരുന്നു സഫിയെദ്ദീന്റെ മതപഠനവും. മാത്രമല്ല, ഇറാന്റെ കൊല്ലപ്പെട്ട മുൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ മകളെയാണ് സഫിയെദ്ദീന്റെ മകൻ റിദ വിവാഹം ചെയ്‌തിട്ടുള്ളത്. 2017ൽ യുഎസ് ഭീകരരുടെ പട്ടികയിൽ സഫിയെദ്ദീനെയും ഉൾപ്പെടുത്തിയിരുന്നു. സൗദി അറേബ്യയും സഫിയെദ്ദീന് നേരത്തെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
Most Read| 70ആംമത് നെഹ്‌റു ട്രോഫി വള്ളംകളി; ജല കിരീടം ചൂടി കാരിച്ചാൽ ചുണ്ടൻ








































