മലപ്പുറം: സിപിഎമ്മുമായുളള ഉടക്കിന് പിന്നാലെ, പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്‌ട്രീയ പാർട്ടിയായി മാറും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടതുമുന്നണിയുടെ ഭാഗമായിരുന്ന അൻവർ അഭിപ്രായ ഭിന്നതകളെ തുടർന്ന് സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്.
കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മൽസരിക്കും. യുവാക്കളുടെ പിന്തുണ ലഭിക്കും. പരിപൂർണ മതേതര സ്വഭാവമുള്ള പാർട്ടിയായിരിക്കും രൂപീകരിക്കുകയെന്നും അൻവർ വ്യക്‌തമാക്കി. രാഷ്‌ട്രീയ പാർട്ടി അല്ലാതെ സാമൂഹ്യ സംഘടനകൾ കൊണ്ട് കാര്യമില്ല. ഒരു ഹിന്ദു പാർട്ടി വിട്ടാൽ അവനെ സംഘി ആക്കും. ഒരു മുസ്‌ലിം പാർട്ടി വിട്ടാൽ അവനെ സുഡാപ്പിയാക്കുമെന്നും സിപിഎമ്മിനെതിരെ അൻവർ പറഞ്ഞു.
‘ദ ഹിന്ദു’വിലെ വിവാദ അഭിമുഖം ഗൂഢാലോചനയാണെന്നാണ് അൻവർ ആരോപിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ലാ ദേശദ്രോഹികളുടെ നാടാണ് എന്ന് വരുത്തി തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് അൻവർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്‌ഥാനം ഒഴിയുന്നതാണ് നല്ലത്. ഇക്കാര്യം പാർട്ടി ആലോചിക്കട്ടെ. താനാണ് ആ സ്‌ഥാനത്തെങ്കിൽ മാറി നിൽക്കുമായിരുന്നു.
തന്റെ കൂടെ നിൽക്കുന്നവർ എല്ലാം വർഗീയ വാദികൾ ആണോ? ഈ മാസം ആറിന് മഞ്ചേരിയിൽ ജില്ലാതല വിശദീകരണം സംഘടിപ്പിക്കും. ഒരുലക്ഷം ആളെ പങ്കെടുപ്പിക്കും. അവരും സാമൂഹ്യ വിരുദ്ധർ ആണോയെന്ന് മുഖ്യമന്ത്രി പറയണം. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതാകാതിരുന്നാൽ മതി. മുഖ്യമന്ത്രി സ്‌ഥാനം റിയാസിനെ ഏൽപ്പിക്കലാണ് ഇതിനേക്കാൾ നല്ലത്.
ആളുകളുടെ അഭിപ്രായം മാനിച്ചാണ് വിവിധ പരിപാടികൾ ഒന്നാക്കിയത്. ഗൂഢലക്ഷ്യം ഇല്ലാത്തവർ എന്താണ് എഡിജിപിയെ സസ്‌പെൻഡ് ചെയ്യാത്തത്? പ്രതിപക്ഷത്തിന് ശബ്‌ദം ഉയർത്തി പറയാൻ കഴിയാത്തത് നക്‌സസിന്റെ ഭാഗമായതിനാലാണെന്നും അൻവർ പറഞ്ഞു. പിആർ ഏജൻസി ഇല്ലാ എന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
മിനിഞ്ഞാന്ന് ആണ് ലേഖനം വന്നത്. രാവിലെ തന്നെ പത്രം എല്ലാവർക്കും ലഭിച്ചിരുന്നു. എന്നാൽ, ഹിന്ദുവിലെ അഭിമുഖത്തിലെ പ്രതികരണം വന്നത് ഒരു ദിവസം കഴിഞ്ഞിട്ടാണ്. തെറ്റ് പറ്റിയതെങ്കിൽ തിരുത്താൻ വൈകിയത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് അന്ന് തന്നെ പ്രതികരിച്ചില്ല? മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത് പച്ചക്കള്ളമാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാർത്താ കുറിപ്പ് പോലും അതുവരെ വന്നില്ല. പ്രതികരണം വരുന്നത് 32 മണിക്കൂറിന് ശേഷമാണ്. ഹിന്ദു പത്രവുമായി അഡ്‌ജസ്‌റ്റ്‌മെന്റ് ചെയ്‌ത ശേഷം നടത്തിയ നാടകമാണ് ഇന്നലത്തേത്. കരിപ്പൂർ എന്ന വാക്കും കോഴിക്കോട് എയർപോർട് എന്ന വാക്കും ഇന്നലെ ആദ്യമായി മുഖ്യമന്ത്രിയിൽ നിന്ന് കേട്ടു. ഇന്നലെ രാത്രി എങ്കിലും മാറ്റി പറഞ്ഞതിൽ നന്ദി- അൻവർ പറഞ്ഞു.
Most Read| മുഡ അഴിമതി; സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ള പ്ളോട്ടുകൾ തിരിച്ചെടുത്തു







































