പത്തനംതിട്ട: 1968ൽ ഹിമാചൽ പ്രദേശിൽ നടന്ന വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ സൈനികന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. കരസേനയിൽ ക്രാഫ്റ്റ്‌മാനായിരുന്ന തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് പ്രത്യേക വ്യോമസേനാ വിമാനത്തിൽ ചണ്ഡിഗഡിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്.
കരസേന ഏറ്റുവാങ്ങിയ ശേഷം മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ തോമസ് ചെറിയാന്റെ ജൻമ നാടായ ഇലന്തൂരിൽ എത്തിക്കുമെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തോമസ് ചെറിയാന്റെ സഹോദരന്റെ മകൻ ഷൈജു കെ മാത്യുവിന്റെ വീട്ടിലേക്കാണ് മൃതദേഹം കൊണ്ടുവരുന്നത്. ഉച്ചയ്‌ക്ക് രണ്ടിന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് വലിയ പള്ളിയിലാണ് സംസ്‌കാരം.
102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്ന് ലേയിലേക്ക് പോയ എഎൻ-12 വിമാനം 1968 ഫെബ്രുവരി ഏഴിനാണ് കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായത്. വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും ഒമ്പത് പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ.
2003ൽ വിമാന അവശിഷ്‌ടങ്ങൾ കണ്ടെത്തിയതിന് ശേഷമാണ് മൃതദേഹങ്ങൾ ഉണ്ടോയെന്നറിയാനുള്ള പരിശോധന ശക്‌തമാക്കിയത്. 2019ൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഏതാനും മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. മലയാളിയായ തോമസ് ചെറിയാൻ, മൽഖാൻ സിങ്, ശിപായി നാരായൺ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.
പത്ത് ദിവസം കൂടി ദൗത്യം തുടരാനാണ് തീരുമാനം. ഇലന്തൂർ ഈസ്‌റ്റ് ഒടാലിൽ പരേതനായ ഒഎം തോമസ്- ഏലിയാമ്മ ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമനായിരുന്നു തോമസ് ചെറിയാൻ. അപകടം നടക്കുമ്പോൾ 22 വയസായിരുന്നു.
Most Read| തൃശൂർ പൂരം കലക്കൽ; തുടരന്വേഷണം പ്രഖ്യാപിച്ച് സർക്കാർ