കണ്ണൂർ: പേര്യ ചുരം റോഡിന്റെ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്താണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റ മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുംപൊയിൽ- മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്റെ പുനർനിർമാണത്തിനിടെ ആയിരുന്നു പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് വീണത്. ഇന്ന് രാവിലെയായിരുന്നു അപകടം. ഏറെ നാളായി പേര്യ ചുരം റോഡിൽ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട്. നിലവിലുള്ള റോഡിലെ മണ്ണ് ഉൾപ്പടെ നീക്കം ചെയ്ത് വലിയ രീതിയിലുള്ള നിർമാണ പ്രവർത്തനമാണ് നടക്കുന്നത്.
ചുരത്തിലെ പലയിടത്തും സോയിൽ പൈപ്പിങ് ഉണ്ടായതിനെ തുടർന്നാണ് പുനർ നിർമാണം. പേര്യ ചുരം റോഡ് അടച്ചതിനെ തുടർന്ന് നിലവിൽ കണ്ണൂർ ഭാഗത്ത് നിന്നും വയനാട്ടിലേക്ക് കൊട്ടിയൂർ പാൽച്ചുരം വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. വയനാട് മാനന്തവാടി ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകാനുള്ള രണ്ടു ചുരം പാതകളാണ് പാൽച്ചുരവും പേര്യ ചുരവും.
Most Read| ലക്ഷ്യം നസ്റല്ലയുടെ പിൻഗാമി? ഹിസ്ബുല്ല ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം







































