ബെയ്‌റൂട്ട്: ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം തുടരുന്നു. ലബനൻ തലസ്‌ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്‌ഥാനം ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഹിസ്ബുല്ല മുൻ മേധാവി ഹസൻ നസ്‌റല്ലയുടെ പിൻഗാമി ഹാഷിം സഫൈദിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോർട്.
ഹിസ്ബുല്ല ആസ്‌ഥാനത്തെ ഭൂഗർഭ ബങ്കറിൽ അഭയം തേടിയിരുന്ന സഫൈദിന്റെ നിലവിലെ സ്‌ഥിതി എന്തെന്ന് വ്യക്‌തമല്ല. പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹിസ്ബുല്ല ആസ്‌ഥാനത്തെ ഭൂഗർഭ ബങ്കറിൽ ഉന്നത നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നതിനിടെ ഇസ്രയേലിന്റെ തന്നെ ആക്രമണത്തിലാണ് നസ്‌റല്ലയും കൊല്ലപ്പെട്ടത്.
നസ്‌റല്ലയുടെ പിൻഗാമിയെയും ഇസ്രയേൽ ലക്ഷ്യംവെക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മധ്യ ബെയ്‌റൂട്ടിൽ ലബനൻ പാർലമെന്റ് മന്ദിരത്തിന് സമീപമുള്ള കെട്ടിടസമുച്ചയത്തിൽ ബുധനാഴ്‌ച രാത്രി ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. സംഘടനയുടെ ആരോഗ്യസേവന വിഭാഗത്തിലാണ് ആക്രമണം ഉണ്ടായതെന്നും രണ്ടു ആരോഗ്യപ്രവർത്തകരും അടക്കമാണ് കൊല്ലപ്പെട്ടതെന്നും ഹിസ്ബുല്ല വ്യക്‌തമാക്കി.
കരയുദ്ധം ശക്‌തമാകുന്ന തെക്കൻ ലബനൻ അതിർത്തിയിൽ പ്രവിശ്യാ തലസ്‌ഥാനമായ നബാത്തിയഹ് അടക്കം 25 പട്ടണങ്ങളിൽ നിന്നുകൂടി ജനങ്ങളോട് അടിയന്തിരമായി ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഹിസ്ബുല്ലയെ ലബനനിലേക്ക് കരമാർഗം നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ എട്ട് സൈനികരെ നഷ്‌ടപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും