തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട് നൽകും. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലേക്ക് ഔദ്യോഗികമായി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നീക്കം.
കഴിഞ്ഞ ദിവസം വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ വിളിപ്പിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇത് തടയുകയായിരുന്നു. ചട്ടപ്രകാരം ഗവർണറെ കാണാൻ ചീഫ് സെക്രട്ടറി അടക്കമുള്ളവർ പോകേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ, റൂൾസ് ഓഫ് ബിസിനസ് അനുസരിച്ചു തനിക്ക് ഇവരെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്നാണ് ഗവർണറുടെ വാദം.
അതേസമയം, വിഷയത്തിൽ ഗവർണർ വീണ്ടും സർക്കാരിന് കത്ത് നൽകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ച ഗവർണർ, മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുവെന്ന് കത്തിൽ പറഞ്ഞിരുന്നു. സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചുവെക്കാനാകില്ലെന്നും രാഷ്ട്രപതിയെ അറിയിക്കാൻ വേണ്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടതെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി.
ചോദിച്ച കാര്യങ്ങൾ ബോധിപ്പിക്കാത്തത് ചട്ടലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റാത്തതായും കണക്കാക്കുമെന്നും ഗവർണർ കത്തിൽ പറഞ്ഞിരുന്നു. ഗവർണർ നൽകുന്ന കത്തിന് ഇത്തവണ മറുപടി നൽകുന്നത് സര്കാക്കറിന്റെ പരിഗണനയിലാണ്. ദേശവിരുദ്ധ പ്രവർത്തനം എന്താണെന്നും ദേശവിരുദ്ധർ ആരാണെന്നും അറിയിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടർന്നാണ് ഗവർണർ ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിച്ചത്. എന്നാൽ, സർക്കാർ അറിയാതെ ഇവരെ വിളിച്ചുവരുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് മുഖ്യമന്ത്രി കത്തയച്ചു. ഇതോടെ ഗവർണർക്കും സർക്കാരിനും ഇടയിൽപെട്ട് ഉദ്യോഗസ്ഥർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്