തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്‌ഥാനാർഥിത്വത്തിനെതിരെ രംഗത്തുവന്ന കെപിസിസി സെൽ കൺവീനർ പി സരിനെതിരെ തിടുക്കത്തിൽ അച്ചടക്ക നടപടി എടുക്കേണ്ടെന്ന തീരുമാനത്തിൽ നേതൃത്വം. സരിനെതിരെ പെട്ടെന്ന് നടപടിയെടുത്താൽ വീരപരിവേഷം ലഭിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തൽ.
സരിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ പാർട്ടി വിലയിരുത്തും. ഇന്ന് സരിൻ പാലക്കാട് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പാർട്ടിക്കെതിരെ ഇനിയും വിമർശനമുണ്ടായാൽ തുടർ നടപടികളുണ്ടാകും. ഇടതു മുന്നണിയിലേക്ക് നീങ്ങിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കും.
രാഹുലിന്റെ സ്‌ഥാനാർഥിത്വത്തിനെതിരെ വാർത്താ സമ്മേളനത്തിലാണ് പി സരിൻ രൂക്ഷവിമർശനം ഉയർത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്‌ഥാനാർഥിത്വം പുനഃപരിശോധിക്കണമെന്ന് പി സരിൻ നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഭയന്നാണ് മുന്നോട്ടുവന്നതെന്ന് വ്യക്‌തമാക്കിയ സരിൻ, ചിലർ തീരുമാനിച്ച കാര്യങ്ങൾക്ക് വഴങ്ങികൊടുത്താൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി.
പാലക്കാട് ഒരാളുടെ താൽപര്യത്തിന് വേണ്ടി പാർട്ടിയെ ബലി കഴിക്കരുത്. സ്‌ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പുനഃപരിശോധിക്കണം. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. തെറ്റ് പറ്റിയെങ്കിൽ തിരുത്തണം. ഇത് എന്റെ ആവശ്യമായി കാണരുത്. ഇല്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കില്ല, രാഹുൾ ഗാന്ധി ആയിരിക്കുമെന്നും സരിൻ മുന്നറിയിപ്പ് നൽകി.
പുനഃപരിശോധിച്ച് രാഹുൽ തന്നെയാണ് യോഗ്യനെന്ന് പാർട്ടിക്ക് ബോധ്യപ്പെടുത്തിയാൽ പ്രശ്‌നം തീർന്നുവെന്നും സരിൻ പറഞ്ഞു. സ്‌ഥാനാർഥി നിർണയത്തെ സംബന്ധിച്ച് എഐസിസി പ്രസിഡണ്ടിനും രാഹുൽ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ടെന്നും തീരുമാനമെടുക്കാൻ 48 മണിക്കൂർ ന്യായമായ സമയമാണെന്നും സരിൻ കൂട്ടിച്ചേർത്തു.
പാലക്കാട്ട് നിന്നുള്ള ഒരാൾ തന്നെ സ്‌ഥാനാർഥിയായി മണ്ഡലത്തിലെത്തണമെന്ന ആലോചനയിലായിരുന്നു നേരത്തെ സരിനെ പരിഗണിച്ചിരുന്നത്. ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ സരിനെ സ്‌ഥാനാർഥിക്കാനായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന് താൽപര്യം. എന്നാൽ, നറുക്ക് വീണത് രാഹുൽ മാങ്കൂട്ടത്തിലിനായിരുന്നു. ഷാഫി പറമ്പിലിന്റെയും വിഡി സതീശന്റെയും പിന്തുണയാണ് രാഹുലിന് തുണയായത്. ഇതോടെയാണ് അതൃപ്‌തി പരസ്യമാക്കി സരിൻ രംഗത്തെത്തിയത്.
ജില്ലയ്‌ക്ക് പുറത്തുനിന്നുള്ള രാഹുലിനെ സ്‌ഥാനാർഥിയാക്കുന്നതിൽ ഒരു വിഭാഗത്തിന് നേരത്തെ എതിർപ്പുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്. എന്നാൽ, രാഹുലിനെ പിന്തുണച്ചാണ് ഇപ്പോൾ പ്രധാന നേതാക്കളെല്ലാം രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ, കോൺഗ്രസുമായി ഇടഞ്ഞ സരിന് സിപിഎം പാലക്കാട് സീറ്റ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഇടത് സ്വതന്ത്രനായി മൽസരിപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയർന്നെങ്കിലും കാത്തിരിക്കാനാണ് പാർട്ടി തീരുമാനം.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും