പാലക്കാട്: പി സരിൻ പാലക്കാട് സിപിഎം സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്‌ഥാനാർഥിയാക്കിയതിൽ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ച സരിൻ, വാർത്താ സമ്മേളനം നടത്തി നേതൃത്വത്തിനെതിരെയും നേതാക്കൾക്കെതിരെയും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഇതോടെ പാർട്ടിയുമായി അകന്ന സരിനെ കോൺഗ്രസ് പുറത്താക്കുകയായിരുന്നു. പിന്നാലെ, ഇനി ഇടതുപക്ഷത്തിന് ഒപ്പമാണെന്നും സിപിഎം പറഞ്ഞാൽ മൽസരിക്കുമെന്നും സരിൻ വ്യക്‌തമാക്കി. രാഹുലിന്റെ സ്‌ഥാനാർഥിത്വം പുനഃപരിശോധിക്കണമെന്ന് ഇന്നലെ സരിൻ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സരിനെ മുഖവിലയ്‌ക്ക് എടുക്കേണ്ടെന്നായിരുന്നു പാർട്ടിയുടെ നിലപാട്.
ഇതോടെ, കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് പി സരിൻ ഇന്നും വാർത്താ സമ്മേളനം നടത്തി. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അധഃപതനത്തിന് കാരണം വിഡി സതീശനാണെന്ന് സരിൻ വിമർശിച്ചു. പാർട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്‌തുവെന്നും സരിൻ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.
ഞാനാണ് രാജ്യമെന്ന് വിളിച്ചുപറഞ്ഞ ചക്രവർത്തിയെ പോലെയാണ് സതീശൻ. ഞാനാണ് പാർട്ടിയെന്ന രീതിയിലേക്ക് പാർട്ടിയെ മാറ്റിയെടുത്ത് കോൺഗ്രസിലെ ജനാധിപത്യം തകർത്തു. വടകരയിൽ ഷാഫിയെ മൽസരിപ്പിച്ചത് ബിജെപിയെ സഹായിക്കാനാണെന്നും സരിൻ ആരോപിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സതീശൻ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകൾ മാദ്ധ്യമങ്ങൾ ഇനിയെങ്കിലും അന്വേഷിക്കണമെന്നും സരിൻ ആവശ്യപ്പെട്ടു.
Most Read| റിസർവേഷൻ നയം പരിഷ്‌കരിച്ച് റെയിൽവേ; ഇനി രണ്ടുമാസം മുൻപ് മാത്രം ബുക്കിങ്








































