തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സംബന്ധിച്ച ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ കീഴിലാണ് സംഘം പ്രവർത്തിക്കുക.
ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്‌പി സാബു മാത്യു, കൊച്ചി എസിപി പി രാജ്‌കുമാർ, വിജിലൻസ് ഡിവൈഎസ്‌പി ബിജു വി നായർ, ഇൻസ്‌പെക്‌ടർമാരായ ചിത്തരഞ്‌ജൻ, ആർ ജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ നൽകിയ റിപ്പോർട് ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് തീരുമാനമായത്.
ത്രിതല അന്വേഷണമാണ് പ്രഖ്യാപിച്ചത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാറിന് ഉണ്ടായ വീഴ്‌ചകൾ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അന്വേഷിക്കും. പൂരം കലക്കൽ അട്ടിമറിയിലെ ഗൂഢാലോചനയിൽ ക്രൈം ബ്രാഞ്ച് എഡിജിപി അന്വേഷണം നടത്തും. വിഷയത്തിൽ ഇന്റലിജൻസ് മേധാവിയും അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം, എഡിജിപി സമർപ്പിച്ച അന്വേഷണ റിപ്പോർട് പുറത്തുവിടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. രഹസ്യ സ്വഭാവമുള്ള രേഖയാണെന്നാണ് സർക്കാർ വാദം. പൂരം കലക്കലിൽ ഗൂഢാലോചനയുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച റിപ്പോർട് പുറത്തുവിടില്ലെന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. അതേസമയം, റിപ്പോർട് പുറത്തുവിടണമെന്നാണ് സിപിഐയുടെ നിലപാട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!







































