കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിൽ ക്ഷണിക്കാതെ വന്നതാണെന്ന വാദം തള്ളി പിപി ദിവ്യ. ജില്ലാ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യ പറയുന്നു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
തന്റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നെന്നും ദിവ്യ ജാമ്യഹരജിയിൽ പറയുന്നു. ഹരജി കോടതി നാളെ പരിഗണിക്കും. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്തുകൊണ്ടാണ് ദിവ്യയുടെ ഹരജി. കേസിൽ അറസ്റ്റിനുള്ള സാധ്യതയുണ്ട്. അതിനാൽ അറസ്റ്റ് തടയണമെന്നും ദിവ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
കളക്ട്രേറ്റിൽ മറ്റൊരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് കളക്ടർ യാത്രയയപ്പ് പരിപാടിയിലേക്ക് ക്ഷണിച്ചത്. അവിടെയെത്തിയപ്പോൾ തന്നെ സംസാരിക്കാനായി ക്ഷണിച്ചതും കളക്ടറാണെന്നും ദിവ്യ ഹരജിയിൽ പറയുന്നു. തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. ഏതെങ്കിലും തരത്തിൽ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള ഒരു പ്രേരണയും തന്റെ സംസാരത്തിൽ ഉണ്ടായിട്ടില്ല. ഒരു അഴിമതി ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ദിവ്യ പറയുന്നു.
കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പോലീസ് റിപ്പോർട് നൽകിയിരുന്നു. ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കി. കെകെ രത്നകുമാരിയെ പകരം പ്രസിഡണ്ടായി പരിഗണിക്കാനും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും