ന്യൂഡൽഹി: ചന്ദ്രനിൽ പുതിയ പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര സംഘം. മൂത്രം ഉപയോഗിച്ച് ചന്ദ്രനിൽ കട്ടകൾ നിർമിക്കുകയാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പുതിയ ലക്ഷ്യം. ഈ കട്ടകൾ ചന്ദ്രനിൽ വാസയോഗ്യമായ നിർമിതികൾക്ക് ഉപയോഗിക്കാമെന്നാണ് ഗവേഷകർ കരുതുന്നത്.
ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവാർ ബീൻസ് എന്നിവയെല്ലാം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനാണ് നീക്കമെന്ന് ഐഐഎസ്സി അറിയിച്ചു.
ഐഐഎസ്സി, ഐഎസ്ആർഒ എന്നിവർ സംയുക്തമായി ആണ് പദ്ധതിക്ക് രൂപം നൽകിയത്. ജീവശാസ്ത്രവും മെക്കാനിക്കൽ എഞ്ചിനിയറിംഗും സമന്വയിപ്പിച്ചു തയ്യാറാക്കുന്ന പദ്ധതി വളരെ ആവേശം നൽകുന്നതാണെന്ന് ഐഐഎസ്സിയിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അലോക് കുമാർ പറയുന്നു.
പദ്ധതിക്കാവശ്യമായ യൂറിയ മനുഷ്യ മൂത്രത്തിൽ നിന്നാണ് എടുക്കുന്നത് എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. സിമന്റിന് പകരം ഗുവാർ ഗം ഉപയോഗിക്കുന്നതിനാൽ കാർബൺ ഫൂട്ട്പ്രിൻും കുറവായിരിക്കുമെന്നും ഗവേഷകർ പറയുന്നു. 7.5 ലക്ഷമാണ് ഭൂമിയിൽ നിന്ന് ഒരു പൗണ്ട് വസ്തുക്കൾ ചന്ദ്രനിൽ എത്തിക്കാൻ വരുന്ന ചെലവ്.





































