ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഡാന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിന് മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലയിൽ നിന്ന് പത്തുലക്ഷത്തോളം പേരെ ഇതിനോടകം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു.
കൊൽക്കത്ത, ഭുവനേശ്വർ വിമാനത്താവളങ്ങൾ ഇന്ന് വൈകിട്ട് മുതൽ അടച്ചിടും. ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന സാഹചര്യം നേരിടാൻ സർക്കാർ പൂർണ സജ്ജമാണെന്നും ജനങ്ങൾ സുരക്ഷിതരായിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. സംസ്ഥാന ജനസംഖ്യയുടെ പകുതിയോളം പേരെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ആശങ്ക.
‘വെള്ളിയാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് ഒഡീഷ തീരം കടന്നേകും. സർക്കാർ സജ്ജീകരണങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു. മൂന്ന് ജില്ലകളെ ചുഴലിക്കാറ്റ് രൂക്ഷമായി ബാധിക്കും. ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുകയാണ്. ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള തീരപ്രദേശങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്’- മുഖ്യമന്ത്രി പറഞ്ഞു.
വിവിധ ജില്ലകളിൽ മന്ത്രിമാരെയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയും നിയോഗിച്ചു. ഭദ്രക്, ബാലസോർ, ജഗൽസിങ്പുർ. കട്ടക്ക്, പുരി തുടങ്ങിയ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക. കാറ്റിന്റെ ഗതി മാറിയാൽ മറ്റു ജില്ലകളെയും ബാധിക്കാൻ സാധ്യതയുണ്ട്. ആ സാഹചര്യം നേരിടാനും സർക്കാർ സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിനോദസഞ്ചാര കേന്ദ്രങ്ങളും പാർക്കുകളും അടച്ചിടും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന കർശന നിർദ്ദേശം നൽകി. ഡാന വീശിയടിച്ച സാധ്യതയുള്ള മേഖലയിൽ എൻഡിആർഎഫ് സംഘത്തെ കേന്ദ്രം വിന്യസിച്ചു.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും






































