തൃശൂർ: സ്വർണാഭരണ ശാലകളിലെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് 1000 കോടിയുടെ നികുതി വെട്ടിപ്പ്. വിറ്റുവരവ് മറച്ചുവെച്ചാണ് നികുതിവെട്ടിപ്പ് നടത്തിയിരിക്കുന്നത്. സ്വർണാഭരണ ശാലകളിൽ നിന്ന് പിടിച്ചെടുത്ത അഞ്ചുവർഷത്തെ രേഖകൾ പരിശോധിച്ചാണ് വെട്ടിപ്പ് കണ്ടെത്തിയത്.
മാസം പത്തുകോടി വരെ വിറ്റുവരവുള്ള സ്‌ഥാപനത്തിൽ രണ്ടുകോടി രൂപ മാത്രമാണ് രേഖകളിൽ കാണിച്ചിരിക്കുന്നത്. സംഭവത്തിൽ സമഗ്ര പരിശോധനക്കായി 42 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്വർണാഭരണ ശാലകളിൽ നിന്നുള്ള നികുതി വരുമാനം കുറഞ്ഞത് ബോധ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ ആറുമാസമായി ഈ സ്‌ഥാപനങ്ങൾ നിരീക്ഷണത്തിലായിരുന്നു.
കണക്കിൽപ്പെടാത്ത സ്വർണം പിടിച്ചെടുക്കുന്നതിനൊപ്പം കഴിഞ്ഞ അഞ്ചുവർഷമായി ജിഎസ്‌ടി വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകൾ കണ്ടെത്തുക കൂടിയായിരുന്നു തൃശൂരിൽ സംസ്‌ഥാന ജിഎസ്‌ടി ഇന്റലിജൻസ് നടത്തിയ പരിശോധനയുടെ ലക്ഷ്യം. ഇതോടെ കോടിക്കണക്കിന് രൂപ നികുതിയിനത്തിൽ സർക്കാരിലേക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. വെട്ടിപ്പ് പുറത്തുവന്നതോടെ സ്വർണാഭരണ ശാലകൾക്ക് പിഴയടക്കേണ്ടി വന്നു.
ഓപ്പറേഷൻ ടോറെ ഡെൽ ഓറോ (സ്‌പെയിനിലുള്ള ടവർ ഓഫ് ഗോൾഡ് എന്ന ഗോപുരം) എന്ന പേരിലാണ് തൃശൂരിലെ 75 സ്വർണാഭരണ കേന്ദ്രങ്ങളിലായി 640 ഉദ്യോഗസ്‌ഥർ റെയ്‌ഡ് നടത്തിയത്. സംസ്‌ഥാനത്തെ ഏറ്റവും വലിയ ജിഎസ്‌ടി റെയ്‌ഡ് ആയിരുന്നു ഇത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ