നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിലെ വെടിക്കെട്ട് അപകടത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 24,000 രൂപയുടെ പടക്കങ്ങളാണ് വാങ്ങിയിരുന്നതെന്ന് ക്ഷേത്രം കമ്മിറ്റിക്കാർ പോലീസിനെ അറിയിച്ചു. ഇതിന്റെ ബില്ലും അവർ പോലീസിന് കൈമാറിയിട്ടുണ്ട്.
സംഭവത്തിൽ ക്ഷേത്ര പ്രസിഡണ്ടിനെയും സെക്രട്ടറിയേയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂവളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ തോറ്റം ഇന്നലെ രാത്രി 12 മണിക്കാണ് പുറത്തേക്ക് വന്നത്. ആ തോറ്റത്തിന്റെ തട്ടുകൊള്ളാതിരിക്കാൻ വേണ്ടി സ്‌ത്രീകൾ ഉൾപ്പടെയുള്ളവർ സമീപമുള്ള ഷെഡിനകത്താണ് നിന്നത്. ഈ ഷെഡിനകത്തായിരുന്നു പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്.
തോറ്റത്തിന്റെ പുറപ്പാട് സമയത്ത് ചൈനീസ് പടക്കമാണ് പൊട്ടിച്ചത്. ഇത് പൊട്ടിച്ചപ്പോൾ രണ്ട് ഗുണ്ട് പൊട്ടുകയും അത് സ്‌ത്രീകൾ നിന്ന ഷെഡിന്റെ മുകളിൽപ്പോയി വീഴുകയും ചെയ്‌തു. അതിനകത്ത് തീപ്പൊരി വീഴുകയും മുഴുവൻ പടക്കങ്ങളും പൊട്ടിത്തെറിക്കുകയും ആയിരുന്നു. സ്‌ത്രീകളും കുട്ടികളുമാണ് അകത്തുണ്ടായിരുന്നത്. വലിയ തീഗോളം പോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു.
പലർക്കും മുഖത്തും കൈക്കുമാണ് പൊള്ളലേറ്റത്. വീര്യം കുറഞ്ഞ ചൈനീസ് പടക്കങ്ങളായത് കൊണ്ടാണ് ദുരന്തത്തിന്റെ വ്യാപ്‌തി കുറഞ്ഞത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്ന കാവുകളിലൊന്നാണിത്. അതേസമയം, അപകടത്തിൽ സംഭവിച്ചത് ഗുരുതര വീഴ്‌ചയാണെന്നാണ് പോലീസ് പറയുന്നത്.
യാതൊരു സുരക്ഷാ മുൻകരുതലുകളും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. ഏറ്റവും കുറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ പോലും ഒരുക്കിയിരുന്നില്ല. വെടിക്കെട്ടിന് അനുമതി തേടിയില്ലെന്നും ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ പറഞ്ഞു. ചെറിയ തോതിൽ പടക്കങ്ങൾ പൊട്ടിക്കാനാണെങ്കിലും നേരത്തെ തന്നെ അനുമതി തേടേണ്ടതുണ്ട്.
100 മീറ്റർ അകലം ഉൾപ്പടെയുള്ള മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. പടക്കങ്ങൾ സൂക്ഷിച്ച സ്‌ഥലത്ത് വെച്ചുതന്നെ പടക്കങ്ങൾ പൊട്ടിച്ചതാണ് അപകടത്തിന് കാരണമായത്. ഇവിടെ നിന്ന് ആളുകളെ മാറ്റിനിർത്തിയില്ല. പടക്കങ്ങൾ പൊട്ടിക്കരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതായും വിവരമുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!