കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം; മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്‌ച നടത്തി

ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി വിശദമായി രേഖപ്പെടുത്തും.

By Senior Reporter, Malabar News
chief minister pinarayi vijayan and dgp
Ajwa Travels

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം നടത്താൻ സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ് ദർവേഷ് സാഹിബും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി വിശദമായി രേഖപ്പെടുത്തും.

പുതിയ വിവരങ്ങൾ കോടതിയെ അറിയിച്ചു തുടരന്വേഷണത്തിന് അനുമതി തേടും. തൃശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഇവർ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്‌ത സാഹചര്യത്തിൽ കോടതിയുടെ അനുമതിയോടുകൂടി മാത്രമേ തുടരന്വേഷണവുമായി മുന്നോട്ട് പോകാനാവൂ.

ഇത് സംബന്ധിച്ച് നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി- ഡിജിപി കൂടിക്കാഴ്‌ചയിൽ തീരുമാനമായി. നേരത്തെ കേസ് അന്വേഷിച്ചിരുന്ന അന്വേഷണ സംഘം തന്നെ സതീശന്റെ മൊഴി രേഖപ്പെടുത്തും. പുതിയ മൊഴി സതീശൻ അന്വേഷണ സംഘത്തിന് മുന്നിൽ ആവർത്തിക്കുകയാണെങ്കിൽ ഇക്കാര്യം കോടതിയെ അറിയിച്ചു തുടരന്വേഷണത്തിന് അനുമതി തേടി വിചാരണക്കോടതിയെ സമീപിക്കും.

കേസിൽ തുടരന്വേഷണം വേണമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. ആരൊക്കെ തമ്മിലാണ് ഡീലേന്ന് ചർച്ച ചെയ്യുന്ന ഉപതിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കെതിരെ വീണുകിട്ടിയ ആയുധം പരമാവധി പ്രയോജനപ്പെടുത്തുകയാണ് സർക്കാരും സിപിഎമ്മും.

കൊടകരയിൽ കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് മുൻ ഓഫീസ് സെക്രട്ടറി സതീശൻ തിരൂരിന്റെ വെളിപ്പെടുത്തൽ. ഇതിന് താൻ സാക്ഷിയാണെന്നും സതീശൻ പറഞ്ഞു. ചാക്കിലാണ് കുഴൽപ്പണം എത്തിച്ചത്. പണമെത്തിച്ച ധർമരാജന് തൃശൂരിൽ മുറിയെടുത്ത് നൽകിയത് താനാണ്. ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. പണമാണെന്ന് അറിഞ്ഞത് പിന്നീടാണ്. ആ പണം കൊടകരയിലേക്ക് കൊണ്ടുപോയെന്നും സതീശൻ തിരൂർ പറഞ്ഞു.

കൊടകര കുഴൽപ്പണക്കേസ് നടക്കുന്ന 2021ൽ ബിജെപിയുടെ തൃശൂർ ഓഫീസിൽ സെക്രട്ടറിയായിരുന്നു സതീശൻ. എന്നാൽ, കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കർണാടകയിൽ നിന്ന് കേരളത്തിൽ എത്തിച്ച പണമായിരുന്നു മോഷണം പോയതെന്നായിരുന്നു ആരോപണം.

ഏപ്രിൽ മൂന്നിനായിരുന്നു സംഭവം. തൃശൂരിൽ നിന്ന് ബിജെപിയുടെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് ആരോപിച്ച പണം കൊടകരയിൽ വെച്ച് വ്യാജ അപകടം സൃഷ്‌ടിച്ച് കവർച്ച നടത്തുകയായിരുന്നു. മൂന്നരക്കോടി രൂപയാണ് കവർന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.

സംഭവത്തിൽ ദുരൂഹത തോന്നിയതിനാൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിൽ 23 പേരെ അറസ്‌റ്റ് ചെയ്‌തു. പോലീസ് അന്വേഷണത്തിൽ ഇതുവരെ ഒരുകോടി 47 ലക്ഷം രൂപ മാത്രമാണ് കണ്ടെത്താനായത്. തിരഞ്ഞെടുപ്പിനായി കർണാടകയിൽ നിന്ന് ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്തയ്‌ക്ക് നൽകാനാണ് പണം കൊണ്ടുപോയതെന്ന് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉൾപ്പടെ 19 നേതാക്കൾ സാക്ഷികളാണ്.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE