സംസ്‌ഥാന സ്‌കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ട് മൽസരത്തിൽ മിലൻ സാബു നേടിയ സ്വർണത്തിന് തിളക്കമേറെയാണ്. അമ്മയുടെ രോഗാവസ്‌ഥയിൽ കഴിഞ്ഞ തവണ കൈവിട്ടുപോയ ദേശീയ മെഡൽ എന്ന സ്വപ്‌നത്തിലേക്ക് കുതിച്ചുയരാനുള്ള മിലന്റെ യാത്രയ്‌ക്ക് ഊർജം പകരുന്നതും ഈ അമ്മ തന്നെയാണ്.
ജീവിതത്തിൽ നേരിടേണ്ടിവന്ന തുടർച്ചയായ തിരിച്ചടികളെ ഇന്ധനമാക്കിക്കൊണ്ടാണ് മിലൻ ഇത്തവണയും കായികമേളയിലെ അങ്കത്തട്ടിലേക്കിറങ്ങിയത്. പോൾവോൾട്ട് മൽസരത്തിൽ പാലാ സെന്റ് തോമസ് എച്ച്‌എസ്‌എസിലെ പ്ളസ് വൺ വിദ്യാർഥി മിലൻ സാബു ഒന്നാമതെത്തിയപ്പോൾ വിജയിച്ചത് ഒരു കുടുംബം ഒന്നാകെയാണ്. നാല് മീറ്റർ പിന്നിട്ടാണ് മിലൻ സ്വർണം നേടിയത്.
മിലൻ എൽകെജിയിൽ പഠിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ട് അച്ഛൻ മരിക്കുന്നത്. ഏറ്റുമാനൂർ കൊല്ലംപറമ്പിൽ സാബു ജോസഫ് ആയിരുന്നു അച്ഛൻ. ഭർത്താവ് പോയതോടെ കുടുംബഭാരം അമ്മ ഷീജയുടെ ഉത്തരവാദിത്തമായി. അടുത്തുള്ള വീടുകളിൽ വീട്ടുജോലിക്ക് പോയാണ് ഷീജ മിലനെയും സഹോദരങ്ങളായ മെൽബയെയും മെൽബിനെയും വളർത്തിയത്.
തുച്ഛമായ കൂലിയിൽ നിന്നും മിച്ചം വെക്കുന്ന പണം കൊണ്ട് മക്കൾക്ക് കായിക പരിശീലനം ലഭ്യമാക്കാൻ മുൻ പവർലിഫ്റ്റിങ് താരം കൂടിയായിരുന്ന ഷീജ മറന്നില്ല. പക്ഷേ വിധി അവരെ വീണ്ടും വേട്ടയാടി. ഷീജ അർബുദബാധിതയായതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ മിലന്റെയും സഹോദരങ്ങളുടെയും കായിക പരിശീലനത്തിന് റെഡ് സിഗ്‌നൽ വീണു.
പഠനത്തിനും ജീവിത ചിലവുകൾക്കുമായി ചെറു പ്രായത്തിൽ തന്നെ മിലൻ ഒരു പെട്രോൾ പമ്പിൽ ജോലിക്ക് കയറി. അമ്മയുടെ രോഗം മാനസികമായും ശാരീരികമായും തളർത്തിയപ്പോൾ കഴിഞ്ഞ വർഷത്തെ നാഷണൽ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മിലൻ വീണു പോയി. എന്നാൽ, ചികിൽസ പൂർത്തിയാക്കിയ അമ്മ ആവേശം പകർന്നതോടെ മിലന് അതൊരു പുത്തനുണർവായി.
മിലൻ വീണ്ടും ഉയരങ്ങളിലേക്ക് കുതിപ്പ് തുടങ്ങി. പാലാ ജെംപ്‌സ് അക്കാദമിയിലെ പരിശീലകൻ കെപി സതീഷ് കുമാറാണ് മിലനെ ഫീൽഡിലെത്തിച്ചത്. കോട്ടയം റവന്യൂ ജില്ലാ കായികമേളയിൽ സംസ്‌ഥാന റെക്കോർഡിനേക്കാൾ മികച്ച പ്രകടനം കുറിച്ചാണ് മിലൻ സ്വർണം നേടിയിരുന്നത്. ഇത്തവണയും മിലൻ വിജയക്കൊടി പാറിച്ചപ്പോൾ നിറകണ്ണുകളോടെ കൈയ്യടിയുമായി മൈതാനത്തിന് വെളിയിൽ അമ്മയുണ്ടായിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!