മുംബൈ: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മഹാരാഷ്ട്രയിൽ നാടകീയ സംഭവങ്ങൾ. അഞ്ചുകോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി മഹാരാഷ്ട്രയിൽ ബിജെപി നേതാവ് പിടിയിലായി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെയാണ് മുംബൈ വിരാറിലെ ഹോട്ടലിൽ നിന്ന് ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ പിടികൂടിയത്.
ഹോട്ടലിൽ പണം വിതരണം ചെയ്യാനെത്തിയെന്ന് ആരോപിച്ചു വിനോദ് താവ്ഡെയെ ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ തടഞ്ഞുവെക്കുകയായിരുന്നു. വിനോദിന്റെ കൈയിൽ നിന്ന് പണം കൈമാറാനുള്ള ആളുകളുടെ പേരുവിവരങ്ങളും കണ്ടെത്തിയതായി പ്രവർത്തകർ പറയുന്നു. വോട്ടർമാരെ സ്വാധീനിക്കാനാണ് പണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി തന്നെ നേരിട്ടെത്തിയെന്നാണ് പ്രവർത്തകരുടെ ആരോപണം.
താവ്ഡെയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ 15 കോടി രൂപ വിതരണം ചെയ്യുന്നതായി പരാമർശിക്കുന്ന ഡയറി ഉണ്ടായിരുന്നുവെന്നും വിരാറിലെ ബിവിഎ എംഎൽഎ ഹിതേന്ദ്ര താക്കൂർ ആരോപിച്ചു. വിനോദ് താവ്ഡെയെ പ്രവർത്തകർ തടഞ്ഞുവെച്ചതോടെ വിരാറിൽ സംഘർഷാവസ്ഥയും ഉണ്ടായി. തിങ്കളാഴ്ച വൈകിട്ട് പരസ്യപ്രചാരണം ഔദ്യോഗികമായി അവസാനിച്ചതിന് ശേഷം വിരാറിൽ താവ്ഡെ തുടരുകയായിരുന്നുവെന്നാണ് ബിവിഎ പ്രവർത്തകർ ആരോപിക്കുന്നത്.
പോലീസും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികളും നേരിട്ടെത്തി താവ്ഡെയെ കസ്റ്റഡിയിൽ എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ബിജെപി മുൻ മന്ത്രിയായ താവ്ഡെ ബീഹാറിന്റെ ചുമതലയുള്ള ബിജെപിയുടെ ജനറൽ സെക്രട്ടറിയാണ്. അതേസമയം, ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്ടീരിയ നിങ്ങളെ ഇല്ലാതാക്കും!