തൃശൂർ: തൃപ്രയാറിനടുത്ത് നാട്ടികയിൽ നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി അഞ്ചു മരണം. ജെകെ തിയേറ്ററിനടുത്ത് ഇന്ന് പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം. വഴിയരികിൽ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
കാളിയപ്പൻ (50), നാഗമ്മ (39), ബംഗാഴി (20), ജീവൻ (4), വിശ്വ (1) എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് തടി കയറ്റി എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പത്ത് പേർ അടങ്ങുന്ന നാടോടി സംഘമാണ് റോഡരികിൽ ഉറങ്ങിക്കിടന്നിരുന്നത്. ഇതിൽ അഞ്ചുപേരാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ മൂന്നുപേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീരദേശ ഹൈവേ നിർമാണം നടക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. സംഭവത്തിൽ ലോറി ഡ്രൈവർക്കും ക്‌ളീനർക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ഇവർ അറസ്‌റ്റിലാണ്. ക്ളീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾ മാഹിയിൽ നിന്ന് മദ്യം വാങ്ങിയെന്നും അവിടം മുതൽ ഇരുവരും മദ്യപിച്ചിരുന്നുവെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.
Most Read| വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര സർക്കാരിന്റെ സഹായ പാക്കേജ് ഉടനുണ്ടാകുമെന്ന് കെവി തോമസ്