പാലക്കാട്: സിനിമ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം. 1976 മുതൽ സിനിമാ-സീരിയൽ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്.
നൂറിലേറെ മലയാള സിനിമകളിലും ഒട്ടെറെ സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, നന്ദനം, കരുമാടിക്കുട്ടൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‌തു. നാടകത്തിലൂടെയാണ് മീന ഗണേഷ് സിനിമയിലേക്കെത്തിയത്.
എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയേറ്റേഴ്‌സ്, തൃശൂർ ചിൻമയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനയിച്ച് ഒട്ടേറെ അവാർഡുകൾ കരസ്‌ഥമാക്കി. 19ആം വയസിലാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. പിഎ ബക്കറിന്റെ ‘മണിമുഴക്കം’ ആണ് ആദ്യ സിനിമ.
അഞ്ചുവർഷം മുൻപ് മീനയ്‌ക്ക് പക്ഷാഘാതം വന്നിരുന്നു. ഇതോടെ അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്തു. മസ്‌തിഷ്‌കാഘാതം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ചുദിവസമായി ചികിൽസയിലായിരുന്നു. അന്തരിച്ച സിനിമാ-നാടക നടൻ എഎൻ ഗണേശാണ് ഭർത്താവ്. സംവിധായകൻ ഗണേഷ് മകനും, സംഗീത മകളുമാണ്. ബിന്ദു മനോജ്, സംഗീത ഉണ്ണികൃഷ്‌ണൻ എന്നിവരാണ് മരുമക്കൾ. സംസ്‌കാരം വൈകിട്ട് ഷൊർണൂർ ശാന്തീതീരത്ത്.
Most Read| ‘ഇന്ത്യ 100% തീരുവ ചുമത്തിയാൽ യുഎസും അത് തന്നെ ചെയ്യും’; മുന്നറിയിപ്പുമായി ട്രംപ്







































