ന്യൂഡെൽഹി: രാമക്ഷേത്രത്തിന് സമാനമായ തർക്കങ്ങൾ ഉന്നയിക്കുന്നത് സ്വീകാര്യമല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു നേതാക്കൾ രാമക്ഷേത്രത്തിന് സമാനമായ അവകാശങ്ങളും തർക്കങ്ങളും ഉയർത്തിക്കൊണ്ടു വരുന്നതിനെതിരെയാണ് മോഹൻ ഭാഗവതിന്റെ പ്രതികരണം.
ഉത്തർപ്രദേശിലെ സംഭലിലെ ഷാഹി ജുമാ മസ്‌ജിദ്, രാജസ്‌ഥാനിലെ അജ്‌മീർ ഷരീഫ് തുടങ്ങിയ സ്‌ഥലങ്ങളിലെ പുതിയ തർക്കങ്ങളുടെ പശ്‌ചാത്തലത്തിലാണ് മോഹൻ ഭാഗവതിന്റെ പ്രസ്‌താവന. വ്യത്യസ്‌ത മത വിശ്വാസങ്ങൾക്കും പ്രത്യയശാസ്‌ത്രങ്ങൾക്കും എങ്ങനെ യോജിപ്പോടെ ജീവിക്കാനാകും എന്നതിന് ഇന്ത്യ ഒരു മാതൃക കാണിക്കണമെന്ന് പൂനെയിലെ ഒരു പരിപാടിക്കിടെ മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു.
രാമക്ഷേത്രം ഒരു വികാരമായിരുന്നു. രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല. ഇത്തരം കാര്യങ്ങൾ ഒരു തരത്തിലും സ്വീകാര്യമല്ല. ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. പഴയ കാലത്തെ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ലോകത്തിന് തന്നെ ഇന്ത്യ മാതൃകയാകണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
രാമക്ഷേത്രം ഒരു വിശ്വാസത്തിന്റെ വിഷയമായിരുന്നു. രാമക്ഷേത്രം നിർമിക്കണമെന്ന് ഹിന്ദുക്കൾ ആഗ്രഹിച്ചിരുന്നു. എന്നാൽ, വിദ്വേഷത്തിന്റെയും ശത്രുതയുടെയും പേരിൽ മറ്റിടങ്ങളിൽ തർക്കമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല. എല്ലാവർക്കും അവരുടെ വിശ്വാസപ്രകാരം ആരാധന നടത്താൻ കഴിയണമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
Most Read| കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ; ഉടൻ വിപണിയിൽ