കൊച്ചി: ഉൽസവാഘോഷങ്ങളിലെ വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങൾ സർക്കാർ പരിപാടികളിലും പാലിക്കണമെന്ന് ഹൈക്കോടതി. വെടിക്കെട്ടിന്റെ കാര്യത്തിൽ ഇരട്ട നീതി വേണ്ടന്നും ഹൈക്കോടതി പറഞ്ഞു. വെടിക്കെട്ടിനുള്ള അനുമതിക്ക് ഇളവ് വരുത്താൻ സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഒക്ടോബർ 11ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വെടിക്കെട്ട് നടത്തുന്നതിന് ഫയർ ഡിസ്പ്ളേ അസിസ്റ്റന്റ് അല്ലെങ്കിൽ ഫയർ ഡിസ്പ്ളേ ഓപ്പറേറ്ററെ നിയമിക്കേണ്ടതുണ്ട്. ഇയാളെ നിയമിച്ചു കൊണ്ടുള്ള എക്സ്പ്ളോസീവ്സ് കൺട്രോളറുടെ സർട്ടിഫിക്കറ്റോടു കൂടി മാത്രമേ വെടിക്കെട്ടിക്കെട്ടിനുള്ള അനുമതിക്ക് അപേക്ഷിക്കാൻ സാധിക്കൂ.
ഈ നിബന്ധനകൾ പാലിച്ചില്ലെന്ന് കാണിച്ച് ചില ആരാധനാലയങ്ങളിലെ വെടിക്കെട്ടിന് ജില്ലാ കളക്ടർമാർ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ ക്ഷേത്ര ഭാരവാഹികൾ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ. ഫയർ ഡിസ്പ്ളേ ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് കേന്ദ്ര വിജ്ഞാപനത്തിൽ പറഞ്ഞിട്ടില്ലെന്നും അതിനാൽ വെടിക്കെട്ടിന് അനുമതി നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇടപെടാൻ കോടതി തയ്യാറായില്ല. വിഷയത്തിൽ പ്രായോഗിക പരിഹാരം അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു. നിലവിലെ അവസ്ഥയ്ക്ക് കാരണം കേന്ദ്ര വിജ്ഞാപനമാണെന്നും, തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കി. ഇതോടെ, ചട്ടങ്ങൾ നിലനിൽക്കുമ്പോൾ, വെടിക്കെട്ടിനുള്ള അനുമതിക്കായി ഇളവ് നൽകാൻ സംസ്ഥാന സർക്കാരിനെ നിർബന്ധിക്കാൻ ആവില്ലെന്ന് ജസ്റ്റിസ് എസ് ഈശ്വരൻ വ്യക്തമാക്കി.
നിയമവും പൊതു താൽപര്യവും കണക്കിലെടുത്തുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് അഭിനന്ദനാർഹമാണെങ്കിലും, ഇക്കാര്യത്തിൽ സർക്കാരിനും പൗരനും ഇരട്ട നീതി പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയാകണം. ഉൽസവാഘോഷങ്ങളിലെ വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങൾ സർക്കാർ മേൽനോട്ടത്തിലുള്ള ടൂറിസം പരിപാടികളിലും നിർബന്ധമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’