അസ്‌താന: അസർബൈജാൻ എയർലൈൻസിന്റെ വിമാനം കസാഖിസ്‌ഥാനിൽ തകർന്ന് വീഴുന്നതിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ പുറത്ത്. വിമാനം തകരുന്നതിന് മുൻപ് യാത്രക്കാർ പരിഭ്രാന്തരാകുന്നതും, വിമാനം തകർന്നതിന് ശേഷമുള്ള ദൃശ്യങ്ങളുമാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്.
അപകടത്തിന്റെ ഭീകരത വെളിവാക്കുന്നതാണ് ദൃശ്യങ്ങൾ. ബകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. 38 പേർ മരിച്ചതായാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നത്. 29 പേരെ രക്ഷപ്പെടുത്തി. അക്‌തൗ വിമാനത്താവളത്തിന് സമീപമാണ് അപകടം നടന്നത്.
കനത്ത മൂടൽ മഞ്ഞ് കാരണം വിമാനം അക്‌തൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. അപകടത്തിന് മുൻപ് വിമാനം ലാൻഡ് ചെയ്യാൻ പലതവണ ശ്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഒടുവിൽ നിലത്ത് ഇടിച്ചിറക്കി വിമാനം അഗ്‌നിഗോളമായി മാറി. വിമാനം തകർന്നതിന് പിന്നാലെ തന്നെ രക്ഷാപ്രവർത്തകർ സ്‌ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷികൾ ഇടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, അതിന് സാധ്യത കുറവാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. വിമാനം വഴിതിരിച്ച് വിട്ടത് കാലാവസ്‌ഥയിലെ പ്രശ്‌നങ്ങൾ കാരണമാണെന്നും അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അസർബൈജാൻ പ്രസിഡണ്ട് ഇൽഹാം അലിയേവ് പറഞ്ഞു.
അപകടത്തിൽ ദുരൂഹതയേറുന്നുണ്ട്. വിമാനം വെടിവെച്ചിട്ടതാകാനുള്ള സാധ്യതകളിലേക്കാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത്. വിമാനം റഷ്യയോ യുക്രൈനോ അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന സംശയമാണ് ഉയർന്നുവരുന്നത്. ശത്രുരാജ്യത്തിന്റെ ഡ്രോണാണെന്ന് കരുതി വെടിവെച്ചിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് റിപ്പോർട്ടുകൾ.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’