കാസർഗോഡ്: പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ്- ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷറഫിന്റെ സഹോദരൻ മജീദിന്റെ മകൻ സമദ് (13), ഇവരുടെ സഹോദരി റംലയുടെയും സിദ്ദിഖിന്റേയും മകൻ റിയാസ് (18) എന്നിവരാണ് മരിച്ചത്.
അവധി ആഘോഷിക്കാനായാണ് ഇവർ എരിഞ്ഞിപ്പുഴയിലെ കുടുംബ വീട്ടിലെത്തിയത്. പയസ്വിനി പുഴയിലാണ് മൂവരും കുളിക്കാനിറങ്ങിയത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് അപകടം. പയസ്വിനി പുഴയിലെ പാലത്തിന് താഴെ ആഴമുള്ള ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു.
നാട്ടുകാരും അഗ്‌നിരക്ഷാ സേനയും നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്. ആദ്യം റിയാസിന്റെയും പിന്നീട് യാസിൻ, സമദ് എന്നിവരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. റിയാസിനെ പുറത്തെടുത്ത് ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, കണ്ണൂരിലെ ഇരിട്ടിക്കടുത്ത് ചരൽ പുഴയിലും രണ്ടുപേർ മുങ്ങിമരിച്ചു. കണ്ണൂർ കൊറ്റാളിയിലെ വയലിൽകൊല്ലാട്ട് വിൻസന്റ് (42), അയൽവാസി ആൽബിൻ (9) എന്നിവരാണ് മരിച്ചത്. വിൻസന്റിന്റെ ചരളിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇവർ. പുഴയിൽ അകപ്പെട്ട ആൽബിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് വിൻസന്റും മുങ്ങിപ്പോയത്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും