തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. സിപിഎം പ്രാദേശിക നേതൃത്വം നൽകിയ പരാതിയിലാണ് കേസ്.
തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഭാരതീയ ന്യായ് സംഹിതയിൽ 318(4), 316(2) എന്നിവ അനുസരിച്ചാണ് കേസ്. മംഗലാപുരം ഏരിയാ കമ്മിറ്റിക്ക് കീഴിലെ ലോക്കൽ സെക്രട്ടറിമാരാണ് പരാതി നൽകിയത്.
പോത്തൻകോട് നടന്ന സമ്മേളനത്തിന് മൈക്ക് സെറ്റ്, പന്തൽ, അലങ്കാരം തുടങ്ങിയവയ്‌ക്ക് ബാക്കി നൽകേണ്ട പണം കരാറുകാർക്ക് ലഭിക്കാതെ വന്നതോടെയാണ് സിപിഎം പരാതി നൽകിയത്. സമ്മേളനത്തിന് മുന്നോടിയായി ബ്രാഞ്ച് കമ്മിറ്റികളിൽ നിന്ന് പിരിച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ വഴി മധുവിന് കൈമാറിയ തുക മടക്കി നൽകുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്.
സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകളിൽ നിന്ന് 2500 രൂപ വീതം പിരിച്ച് 3,22,500 രൂപ നൽകിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. കൈയിൽ വന്ന പണം കരാറുകാർക്ക് മുൻകൂട്ടി നൽകിയെന്നാണ് മധു പ്രതികരിച്ചത്. മംഗലപുരം ഏരിയാ സമ്മേളനത്തിൽ സെക്രട്ടറി സ്‌ഥാനത്തേക്കുള്ള മൽസരത്തിൽ മധു പരാജയപ്പെട്ടിരുന്നു. സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മധു, പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നാലെ സിപിഎം പുറത്താക്കി. ബിജെപിയിൽ അംഗത്വമെടുത്ത മധു സംസ്‌ഥാന സമിതി അംഗമാണ്.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക