കുറ്റ്യാടി: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അടുക്കത്ത് ആശാരിപറമ്പിൽ വിജീഷിനെയാണ് (41) പോലീസ് അറസ്റ്റ് ചെയ്തത്. കാറിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടന്നത്. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം.
കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുറ്റ്യാടിയിലുള്ള പെൺകുട്ടിയുടെ അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവർ. ബേക്കറിയിൽ നിന്ന് സാധനം വാങ്ങുന്നതിന് അടുത്ത് വാഹനം നിർത്തി. കുട്ടി കാറിൽ ഉറങ്ങുന്നതിനാൽ കാർ ഓൺ ചെയ്ത് എസി ഇട്ടിരുന്നു. ദമ്പതികൾ സാധനം വാങ്ങുന്നതിനിടെ വിജീഷ് കാർ ഓടിച്ചു പോയി.
അതേസമയം, പെൺകുട്ടി കാറിൽ ഉറങ്ങുന്നത് വിജീഷ് അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. രണ്ട് കിലോമീറ്ററോളം ദൂരം പോയശേഷം പെൺകുട്ടിയെ റോഡിൽ ഇറക്കിവിട്ടു. ഇതിനിടെ, ദമ്പതികൾ നാട്ടുകാരുടെ സഹായത്തോടെ കാറ് പിന്തുടരുകയും നാട്ടുകാർ മറ്റുള്ളവർക്ക് വിവരം നൽകുകയും ചെയ്തിരുന്നു.
ഏറെ ദൂരം പോകുന്നതിന് മുൻപ് നാട്ടുകാർ കാർ തടഞ്ഞു. തുടർന്ന് പോലീസെത്തി വിജീഷിനെ അറസ്റ്റ് ചെയ്തു. വിജീഷ് ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. ദമ്പതികളും പെൺകുട്ടിയും ഏതാനും ആഴ്ച മുമ്പാണ് ഗൾഫിൽ നിന്നെത്തിയത്. മൂത്ത കുട്ടി കുറ്റ്യാടിയിലെ അമ്മവീട്ടിൽ നിന്നാണ് പഠിക്കുന്നത്.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല







































