വാഷിങ്ടൺ: യുഎസ് പ്രസിഡണ്ടായി ഈ മാസം 20ന് സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെ ഡൊണാൾഡ് ട്രംപിന് ന്യൂയോർക്ക് കോടതിയിൽ കനത്ത തിരിച്ചടി. ഹഷ് മണി കേസിൽ ഈ ആഴ്‌ച തന്നെ ട്രംപിനെതിരെ ശിക്ഷ വിധിക്കുമെന്ന് ന്യൂയോർക്ക് കോടതി ജഡ്‌ജി ഉത്തരവിട്ടു. ശിക്ഷ വിധിക്കുന്നത് മാറ്റിവെക്കണമെന്ന ഡൊണാൾഡ് ട്രംപിന്റെ അഭ്യർഥന കോടതി തള്ളി.
തിരഞ്ഞെടുപ്പ് വിജയം കണക്കിലെടുത്ത് കേസ് നടപടികൾ അവസാനിപ്പിക്കണമെന്ന ട്രംപിന്റെ അഭിഭാഷകന്റെ വാദം കോടതി നിരസിക്കുകയായിരുന്നു. ജനുവരി പത്തിന് കോടതി ശിക്ഷ വിധിക്കും. 20നാണ് ട്രംപിന്റെ സത്യപ്രതിജ്‌ഞ. കോടതി തീരുമാനം ട്രംപിന് തിരിച്ചടിയാണ്. വെള്ളിയാഴ്‌ച ട്രംപ് നേരിട്ടോ വെർച്വൽ ആയോ കോടതിയിൽ ഹാജരാകണം.
മുൻ പ്രസിഡണ്ടും ഭാവി പ്രസിഡണ്ടുമായ ട്രംപിന് ജയിൽശിക്ഷ വിധിക്കാൻ താൽപര്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നിയമപ്രകാരം ട്രംപിന് നാലുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം. എന്നാൽ, നിയുക്‌ത പ്രസിഡണ്ട് ആയതിനാൽ ശിക്ഷയിൽ ഇളവുണ്ടാകുമെന്ന് നിയമ വിദഗ്‌ധർ പറയുന്നു. കേസിൽ എന്ത് നടപടിയെടുത്താലും ക്രിമിനൽ കുറ്റകൃത്യത്തിന് വിചാരണ ചെയ്യപ്പെട്ട ആദ്യ പ്രസിഡണ്ടാകും ട്രംപ്.
വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ രതിചിത്ര നടിയായ സ്‌റ്റോമി ഡാനിയൽസിന് പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. 2016 തിരഞ്ഞെടുപ്പ് കാലത്താണ്, ബന്ധം പുറത്തു പറയാതിരിക്കാൻ നടിക്ക് 1.30 ലക്ഷം ഡോളർ നൽകിയത്. തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നായിരുന്നു ട്രംപ് പണം നൽകിയിരുന്നത്.
തിരഞ്ഞെടുപ്പിന് ഒരുമാസം മുൻപ് പണം നൽകിയത് ചട്ടലംഘനമാണ് എന്നതാണ് ട്രംപിന് വിനയായത്. നേരത്തെ, രണ്ടു തവണ ജനപ്രതിനിധി സഭയിൽ ട്രംപ് ഇംപീച്ച്മെന്റ് നടപടി നേരിട്ടിരുന്നു. 34 കേസുകളാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്. ട്രംപുമായി 2006ൽ ഉണ്ടായ ബന്ധത്തെ കുറിച്ച് സ്‌റ്റോമി ഡാനിയൽസ് കോടതിയിൽ നേരത്തെ വിശദീകരിച്ചിരുന്നു.
ഗോൾഫ് മൽസര വേദിയിലാണ് ട്രംപിനെ കണ്ടതെന്ന് സ്‌റ്റോമി മൊഴി നൽകിയിരുന്നു. അന്ന് റിയൽ എസ്‌റ്റേറ്റ് ബിസിനസ് രംഗത്തായിരുന്നു ട്രംപ്. റിയാലിറ്റി ഷോയിലടക്കം അവസരം വാഗ്‌ദാനം നൽകിയെന്നും, വാഗ്‌ദാനം പാലിക്കപ്പെടാത്തതിനെ തുടർന്ന് ബന്ധത്തിൽ നിന്ന് പിൻവാങ്ങിയെന്നും സ്‌റ്റോമി കോടതിയെ അറിയിച്ചിരുന്നു.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ