കോഴിക്കോട്: കളഞ്ഞുകിട്ടിയ ഒരുലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് പേരാമ്പ്രയിലെ ഒരു ഓട്ടോ ഡ്രൈവർ. പേരാമ്പ്ര ബസ് സ്‌റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ മരുതേരി കുന്നത്ത് റഷീദാണ് തന്റെ സത്യസന്ധതയിലൂടെ നാടിനും നാട്ടുകാർക്കും പ്രിയങ്കരനായി മാറിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം യാത്രക്കിടെയാണ് റഷീദിന് രണ്ടുപവൻ തൂക്കം വരുന്ന സ്വർണമാല ലഭിച്ചത്. കുറ്റ്യാടി- കോഴിക്കോട് സംസ്‌ഥാന പാതയിലെ വെള്ളിയൂരിനും നടുവണ്ണൂരിനും ഇടയിൽ വെച്ചായിരുന്നു സംഭവം. മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം മാല പേരാമ്പ്ര സ്‌റ്റേഷനിൽ എത്തി ഉദ്യോഗസ്‌ഥർക്ക് കൈമാറുകയായിരുന്നു.
എന്നാൽ, ഇതൊന്നുമറിയാതെ കക്കഞ്ചേരി സ്വദേശിനി രമ്യ രജീഷ് തന്റെ നഷ്‌ടപ്പെട്ടുപോയ മാല കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു. ഒടുവിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും മറ്റും സ്വർണം ലഭിച്ചിട്ടുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് രമ്യ പേരാമ്പ്ര സ്‌റ്റേഷനുമായി ബന്ധപ്പെട്ടത്.
തുടർന്ന് സ്‌റ്റേഷനിലെത്തി തെളിവുകൾ കൈമാറിയശേഷം റഷീദിന്റെയും പേരാമ്പ്ര എസ്ഐയുടെയും സാന്നിധ്യത്തിൽ രമ്യ മാല ഏറ്റുവാങ്ങുകയായിരുന്നു. നഷ്‌ടമായി എന്ന് കരുതിയ മാല തിരികെ കിട്ടിയതിൽ രമ്യ അതീവ സന്തോഷത്തിലാണ്. റഷീദിന്റെ സത്യസന്ധത കൊണ്ടുമാത്രമാണ് മാല തിരികെ ലഭിക്കാൻ കാരണമെന്ന് രമ്യ പറഞ്ഞു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്








































