ഒരുപട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം. പ്രായമേറെ ആയെങ്കിലും ആ ഗ്രാമത്തിലെ എല്ലാ കാര്യങ്ങളും അവർ തന്നെയാണ് നോക്കുന്നത്. ഗ്രാമം പരിപാലിക്കുന്നത് മുതൽ ഭരണപരമായ ചുമതലകൾ വരെയും അതിൽ പെടുന്നു. യുഎസിലെ നെബ്രാസ്‌കയിൽ സ്‌ഥിതി ചെയ്യുന്ന പട്ടണമാണ് മോണോവി. എൽസി എയ്‌ലർ എന്ന 88 വയസുകാരിയായ വനിത മാത്രമാണ് പട്ടണത്തിലെ താമസക്കാരി.
ലോകത്തിലെ ഏറ്റവും ചെറിയ ഗ്രാമമായ മോണോവിയുടെ മേയറും ട്രഷററും ക്ളർക്കും സെക്രട്ടറിയും ലൈബ്രേറിയനുമെല്ലാം എൽസി എയ്‌ലറാണ്. 2004 മുതൽ മോണോവിയിൽ ഒറ്റയ്‌ക്ക് താമസിക്കുകയാണ് എൽസി. ഏകദേശം 54 ഹെക്‌ടറിൽ വ്യാപിച്ച് കിടക്കുന്ന മോണോവി 1930കളിൽ തിരക്കേറിയ ഒരു ഗ്രാമമായിരുന്നു. 120 കച്ചവട സ്‌ഥാപനങ്ങളും ഒരു ജയിലുമൊക്കെ ഈ പട്ടണത്തിൽ ഉണ്ടായിരുന്നു.
പ്രധാനമായും കാർഷിക മേഖലയിലായിരുന്നു പട്ടണത്തിന്റെ സാമ്പത്തികസ്‌ഥിതി ആശ്രയിച്ചുകിടന്നിരുന്നത്. എന്നാൽ, കാർഷിക മേഖലയിൽ തിരിച്ചടികൾ ഉണ്ടായതോടെ മോണോവിയുടെ പ്രസക്‌തി കുറഞ്ഞുവന്നു. പതിയ പതിയെ ജനസംഖ്യയും കുറഞ്ഞു തുടങ്ങി. 1980 ആയപ്പോഴേക്കും 18 പേർ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. 2000 ആയപ്പോഴേക്കും എൽസി എയ്‌ലറും ഭർത്താവ് റൂഡിയും മാത്രമായി. 2004ൽ ഭർത്താവ് മരണപ്പെട്ടതോടെ എൽസി ഒറ്റയ്‌ക്കായി. ഇതോടെ പട്ടണത്തിന്റെ ജനസംഖ്യ ഒന്ന് എന്ന നിലയിലുമായി.
മോണോവിയയിൽ നിന്ന് പുറത്ത് വേറെയേതെങ്കിലും പട്ടണത്തിൽ പോയി എൽസിക്ക് താമസിക്കാമായിരുന്നു. എന്നാൽ, അവർ അത് തിരഞ്ഞെടുത്തില്ല. താൻ ജീവിച്ച പട്ടണത്തോടുള്ള അതിയായ സ്‌നേഹമായിരുന്നു അതിന് പിന്നിൽ. നിലവിൽ ഒട്ടേറെ വിനോദസഞ്ചരികൾ എയ്‌ലയെ സന്ദർശിക്കാനായി മോണോവിയിൽ എത്താറുണ്ട്. ഇവർക്കായി ഒരു റെസ്‌റ്റോറന്റും അവിടെയുണ്ട്. നടത്തുന്നത് എയ്‌ല തന്നെയാണ് കേട്ടോ.
ആളില്ലാ പട്ടണമാണെങ്കിലും അവിടുത്തെ മേയറെന്ന നിലയിൽ ധാരാളം കാര്യങ്ങൾ ഇനിയും എയ്‌ലയ്‌ക്ക് ചെയ്യാനുണ്ട്. കരം പിരിക്കുന്നതും (സ്വന്തം കൈയിൽ നിന്ന് തന്നെ) റോഡുകളുടെ റിപ്പോർട് നൽകുന്നതും തുടങ്ങി അവിടുത്തെ ഔദ്യോഗിക കാര്യങ്ങളെല്ലാം നടത്തുന്നത് ഇവർ തന്നെയാണ്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം







































