‘ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒന്നും ചെയ്യില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ

നിയമഭേദഗതിയുടെ കരട് പുറത്തുവന്നതിനെ തുടർന്ന് മലയോര മേഖലയിൽ നിന്നും കർഷകർക്കിടയിൽ നിന്നും അതിശക്‌തമായ എതിർപ്പുയർന്ന സാഹചര്യത്തിലാണ് നടപടി.

By Senior Reporter, Malabar News
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: വനനിയമത്തിൽ ഭേദഗതി വരുത്തുന്നത് ഉപേക്ഷിച്ച് സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒരു ഭേദഗതിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമഭേദഗതിയുടെ കരട് പുറത്തുവന്നതിനെ തുടർന്ന് മലയോര മേഖലയിൽ നിന്നും കർഷകർക്കിടയിൽ നിന്നും അതിശക്‌തമായ എതിർപ്പുയർന്ന സാഹചര്യത്തിലാണ് നടപടി. ”വനനിയമ ഭേദഗതിയിൽ സമൂഹത്തിൽ ആശങ്കകൾ ഉണ്ട്. 1963ലെ കേരള വനനിയമത്തിലെ ഭേദഗതി നിർദ്ദേശങ്ങൾ ആരംഭിക്കുന്നത് 2013 യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഇതിന്റെ കരട് ബില്ലിൻമേലായിരുന്നു ഭേദഗതി.

അനധികൃതമായി വനത്തിൽ കയറുന്നത് കുറ്റകരമാക്കുന്നതായിരുന്നു ഭേദഗതി. ഇപ്പോൾ ഭേദഗതിയിൽ ആശങ്കകൾ ഉയരുന്നുണ്ട്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. കർഷകർക്കും മലയോര മേഖലയിൽ വസിക്കുന്നവർക്കുമെതിരെ ഒരു നിയമവും കൊണ്ടുവരാൻ സർക്കാർ ലക്ഷ്യമിടുന്നില്ല.

എല്ലാ നിയമങ്ങളും മനുഷ്യർക്ക് വേണ്ടിയാണ്. മനുഷ്യന്റെ നിലനിൽപ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതി സംരക്ഷണത്തിന് പര്യാപ്‌തമായ നിലപാട് കൈക്കൊള്ളണമെന്നതിൽ തർക്കമില്ല. കേരളത്തിന്റെ ജനസാന്ദ്രത നോക്കിയാൽ 860 ആണ്. അയൽ സംസ്‌ഥാനങ്ങളേക്കാൾ കൂടുതലാണ് ഇത്. ഈ ജനസാന്ദ്രതയും ഭൂപ്രകൃതിയുടെ പ്രത്യേകതകളും ജീവിത രീതികളും കണക്കിലെടുക്കുന്നതാകണം വനനിയമങ്ങളെന്നാണ് ഇടതുപക്ഷ സർക്കാരിന്റെ നിലപാട്.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണം. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വെള്ളം ചേർക്കരുത്. വനവിഭവങ്ങൾ ചൂഷണം ചെയ്യുന്നത് തടയണം. വന്യജീവി തടയുന്നതിൽ പ്രധാന തടസം കേന്ദ്രനിയമമാണ്. ആക്രമണകാരികളായ മൃഗങ്ങളെ കൊല്ലുന്നതിന് പോലും പരിമിതിയുണ്ട്. പുലി നാട്ടിലിറങ്ങിയാൽ ആദ്യം ആറംഗ സമിതി രൂപീകരിക്കണമെന്നാണ് നിയമം. ആറംഗസമിതി ഇരുന്ന് ചർച്ച ചെയ്യുന്നത് വരെ പുലി അവിടെത്തന്നെ നിൽക്കണമെന്ന് കരുതാൻ കഴിയില്ലല്ലോ.

നടപടിക്രമങ്ങൾ പാലിക്കേണ്ടി വരുന്നത് കൊണ്ടാണ് മയക്കുവെടി വെക്കാനുള്ള ഉത്തരവിടാൻ കാലതാമസം വരുന്നത്. ക്ഷുദ്ര ജീവികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതിക്കായി നിരവധി തവണ കേന്ദ്ര സർക്കാരിനെ സമീപിച്ചു. കേന്ദ്രവന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നും കേരള നിയമസഭാ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എന്നാൽ, കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. കേന്ദ്ര സർക്കാർ സംസ്‌ഥാനത്തിന്റെ സാഹചര്യം നോക്കി നടപടി എടുക്കണം”- മുഖ്യമന്ത്രി വ്യക്‌തമാക്കി.

അതേസമയം, അടുത്തവർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്ക സിപിഎം ഉൾപ്പടെ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് വനനിയമ ഭേദഗതിയിൽ നിന്ന് പിന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചതെന്നാണ് സൂചന.

Most Read| ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE