ജറുസലേം: ഗാസയിലെ സമ്പൂർണ വെടിനിർത്തൽ യാഥാർഥ്യത്തിലേക്ക്. വെടിനിർത്തൽ കരാറിന്റെ കരടുരേഖ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു. യുഎസിന്റെ നേതൃത്വത്തിൽ ഖത്തറിന്റെയും ഈജിപ്‌തിന്റെയും മധ്യസ്‌ഥതയിൽ ദോഹയിൽ ഒരാഴ്‌ചയിലേറെ നീണ്ട ചർച്ചകളാണ് ഇതോടെ വിജയം കണ്ടത്.
വെടിനിർത്തൽ കരാർ ഞായറാഴ്‌ച പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുൽ റഹ്‌മാൻ അൽത്താനി വ്യക്‌തമാക്കി. ഇന്ന് ഇസ്രയേലിന്റെ യുദ്ധകാല കാബിനറ്റ് കരാറിന് അന്തിമ അംഗീകാരം നൽകുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഡൊണാൾഡ് ട്രംപ് പ്രസിഡണ്ടായ സ്‌ഥാനമേൽക്കുന്ന 20ന് മുൻപ് വെടിനിർത്തൽ പ്രഖ്യാപനം നടത്താൻ യുഎസ് സമ്മർദ്ദം ചെലുത്തിയിരുന്നു.
തന്റെയും ട്രംപിന്റെയും സംഘങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങളാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്ന് സ്‌ഥാനമൊഴിയുന്ന പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞു. ഗാസ ജനതയുടെ ധീരതയുടെ വിജയമാണിതെന്നും ഹമാസ് പ്രതികരിച്ചു. വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഗാസയിലെങ്ങും ജനം ആഹ്ളാദ പ്രകടനം നടത്തി.
42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തിൽ, ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേൽ ജയിലിലുള്ള നൂറിലേറെ പലസ്‌തീൻകാരെ വിട്ടയക്കും. ഗാസയിലെ ജനവാസമേഖലകളിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻമാറുകയും ചെയ്യും. ആദ്യഘട്ടം തീരും മുൻപ് തന്നെ രണ്ടാംഘട്ടത്തിനുള്ള ചർച്ച ആരംഭിക്കും.
യുദ്ധത്തിൽ ഗാസയുടെ ഭൂരിഭാഗം പ്രദേശവും തകർന്നടിയുകയും 23 ലക്ഷം പലസ്‌തീൻകാരിൽ 90 ശതമാനവും അഭയാർഥികളായി മാറുകയും ചെയ്‌തു. യുദ്ധത്തിന് കാരണമായ 2023 ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ തെക്കൻ ഇസ്രയേലിൽ 1200 പേരാണ് കൊല്ലപ്പെട്ടത്. 250 പേരെ ഹമാസ് ബന്ദികളാക്കി. നവംബറിൽ ഹ്രസ്വകാല വെടിനിർത്തലിൽ ഇതിൽ പകുതിയോളം പേരെ വിട്ടയച്ചിരുന്നു.
Most Read| ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ







































