വാഷിങ്ടൻ: 2020ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടും പിന്നാലെയുണ്ടായ പാർലമെന്റ് മന്ദിര ആക്രമണത്തിന്റെ പഴികൾ കേട്ടും ഇംപീച്ച്‌മെന്റ് നടപടി നേരിട്ടും അപമാനിതനായി പൊതുവേദി വിട്ട ട്രംപ് രാഷ്‌ട്രീയ തിരിച്ചുവരവ് നടത്തുമെന്നും അധികാരത്തിലേറുമെന്നും അധികമാരും പ്രതീക്ഷിച്ചിരുന്നതല്ല. അപ്രതീക്ഷിതമായാണ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ തലപ്പത്തേക്ക് വീണ്ടുമെത്തിയത്.
യുഎസിന്റെ 47ആം പ്രസിഡണ്ടായാണ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അധികാരമേറ്റത്. ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്‌തമായ താഴികക്കുടത്തിന് താഴെയൊരുക്കിയ വേദിയിൽ ഇന്ത്യൻ സമയം രാത്രി 10.30ഓടെയാണ് സത്യപ്രതിജ്‌ഞാ ചടങ്ങുകൾ ആരംഭിച്ചത്. വൈസ് പ്രസിഡണ്ട് ജെഡി വാൻസാണ് ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌തത്. പിന്നാലെ ട്രംപും.
യുഎസ് മുൻ പ്രസിഡണ്ട് എബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കൈയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്. ഭരണമേറ്റ ശേഷമുള്ള ഒന്നാം ദിവസം 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ട്രംപ് ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. അനധികൃത കുടിയേറ്റക്കാരുടെ നിയന്ത്രണാതീതമായ വർധനയ്‌ക്ക് തടയിടാനും വിലക്കയറ്റം പിടിച്ചുനിർത്താനും ഉൾപ്പടെ അടിയന്തിര നടപടികളാണ് ആദ്യമണിക്കൂറുകളിൽ പ്രതീക്ഷിക്കുന്നത്.
ട്രംപിന്റെ സത്യപ്രതിജ്‌ഞയ്‌ക്ക് സാക്ഷികളാകാൻ നിരവധി ലോകനേതാക്കളും അമേരിക്കയിലെത്തിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചടങ്ങിനെത്തിയിരുന്നു. അമേരിക്കയിൽ സുവർണ യുഗത്തിന് തുടക്കമെന്നാണ് അധികാരമേറ്റതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്‌തുള്ള ആദ്യ പ്രസംഗത്തിൽ ട്രംപ് പറഞ്ഞത്.
”ഇന്ന് മുതൽ യുഎസ് അഭിവൃദ്ധിപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്‌തു. വളരെ ലളിതമായി അമേരിക്കയെ ഞാൻ ഒന്നാമതെത്തിക്കും. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തിരിച്ചുപിടിക്കും. നീതിയുടെ അളവുകോലുകൾ സന്തുലിതമാക്കും. ഐശ്വര്യപൂർണവും സ്വതന്ത്രവുമായ രാജ്യത്തെ വാർത്തെടുക്കുക എന്നതിനാണ് പ്രഥമ പരിഗണന. ആൽമവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയുമാണ് തിരിച്ചുവരുന്നത്. രാജ്യത്തിന്റെ വിജയത്തിലേക്കുള്ള ത്രസിപ്പിക്കുന്ന പുതിയ യുഗത്തിന്റെ തുടക്കമാണിത്”- ട്രംപ് പറഞ്ഞു.
ബൈഡൻ ഭരണകൂടത്തിനെതിരെയും ട്രംപ് രൂക്ഷവിമർശനം നടത്തി. അപകടകാരികളായ ക്രിമിനലുകളെയും അനധികൃത കുടിയേറ്റക്കാരെയും സംരക്ഷിക്കുകയാണ് ബൈഡൻ ഭരണകൂടം ചെയ്‌തത്. വിദേശത്തെ അതിർത്തികൾ സംരക്ഷിക്കാൻ പരിധിയില്ലാത്ത സഹായം ചെയ്‌ത മുൻ സർക്കാർ അമേരിക്കൻ അതിർത്തി സംരക്ഷിക്കാൻ ഒന്നും ചെയ്‌തില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
2025 ജനുവരി 20 യുസിനെ സംബന്ധിച്ചിടത്തോളം വിമോചന ദിനമാണ്. തനിക്കെതിരെയുണ്ടായ ആക്രമണത്തിൽ നിന്ന് ദൈവം തന്നെ രക്ഷിച്ചത് യുഎസിനെ വീണ്ടും മഹത്തരമാക്കാനാണെന്ന് പറഞ്ഞ ട്രംപ് പിന്നാലെ തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചു. മെക്‌സിക്കൻ ഉൾക്കടലിൽ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റുമെന്നും ട്രംപ് ആവർത്തിച്ചു. അമേരിക്കയിൽ ഇനി ട്രാൻസ്ജെൻഡേഴ്‌സ് ഇല്ല, പനാമ കനാൽ തിരിച്ചെടുക്കുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിന് ആശംസയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ”ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവും തുടരണമെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡൊണാൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡണ്ട് സ്‌ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ. രണ്ടു രാജ്യങ്ങളുടെയും ഒന്നായുള്ള പ്രവർത്തനങ്ങൾ ഭാവിയിലും തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാനും പുതിയതും മികച്ചതുമായ ലോകത്തിന് രൂപം നൽകാനും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു”- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം