തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ല. നേതൃമാറ്റം ഉടൻ ഇല്ലെന്ന് സുധാകരന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയതായി അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡ് അറിയിപ്പ്.
അതേസമയം, പുനഃസംഘടനാ നടപടികളുമായി മുന്നോട്ട് പോകാൻ സുധാകരന് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നടത്തുന്നത് പുനഃസംഘടനാ ചർച്ചകൾ മാത്രമാണെന്നും എഐസിസി സുധാകരനെ അറിയിച്ചു. സുധാകരൻ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് എഐസിസിയുടെ മറുപടി.
കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള അകൽച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തൽ ഹൈക്കമാൻഡിനുണ്ട്. പ്രധാന വിഷയങ്ങളിൽ പോലും കൂട്ടായ ചർച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡണ്ടിനെ മാറ്റണോയെന്നതിൽ ഹൈക്കമാൻഡ് മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടിയത്.
ഇതോടെ, സുധാകരനെ മാറ്റിയേക്കുമെന്നായിരുന്നു തുടക്കത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, ബെന്നി ബെഹനാൻ, റോജി എം ജോൺ തുടങ്ങിയവരെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നായിരുന്നു വിവരം. മാറ്റത്തിന് നീക്കം തുടങ്ങിയെന്ന സൂചന സുധാകരനും നൽകിയിരുന്നു.
പുതിയ പ്രസിഡണ്ടിന് കീഴിൽ തിരഞ്ഞെടുപ്പുകളിലേക്ക് കടക്കാമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ഇതിനിടെയാണ്, ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയത്. അതിനിടെ, സുധാകരനുമായി തനിക്ക് അകൽച്ച ഇല്ലെന്ന് വ്യക്തമാക്കി വിഡി സതീശനും രംഗത്തെത്തിയിരുന്നു.
അതേസമയം, നേതൃമാറ്റ ചർച്ചകളിലെ അമർഷം നേരിട്ടറിയിക്കാൻ കെ സുധാകരൻ ഇന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തും. തന്നെ ഇരുട്ടിൽ നിർത്തി നേതൃമാറ്റ ചർച്ച നടത്തുന്നുവെന്ന് സുധാകരൻ വേണുഗോപാലിനെ അറിയിക്കും.
Most Read| കോടികളുടെ ആസ്തി; താമസം സ്റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ








































