മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ ചത്ത കടുവയുടെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. കടുവയുടെ ആമാശയത്തിൽ നിന്ന് കമ്മൽ, വസ്‌ത്രങ്ങളുടെ ഭാഗം, മുടി, എന്നിവ കണ്ടെത്തി. ഇവ പഞ്ചാരക്കൊല്ലിയിൽ കടുവ കൊന്ന രാധയുടേതാണെന്നാണ് സൂചന.
കടുവയുടെ കഴുത്തിൽ നാല് മുറിവുകൾ ഉണ്ടെന്നും ഇതാണ് മരണകാരണമെന്നും പോസ്‌റ്റുമോർട്ടത്തിന് ശേഷം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്‌ണൻ അറിയിച്ചു. കഴുത്തിലെ മുറിവുകൾക്ക് അധികം പഴക്കമില്ല. ഇന്നലെ രാത്രിയിൽ കാട്ടിൽ ഏറ്റുമുട്ടലുണ്ടായതിന്റെ ഭാഗമായാണ് ഈ മുറിവുകൾ ഉണ്ടായതെന്നാണ് കരുതുന്നത്.
കടുവയുടെ ശരീരത്തിൽ മറ്റു ചെറിയ മുറിവുകളും ഉണ്ടായിരുന്നു. പ്രസവിച്ചിട്ടില്ലാത്ത അഞ്ചു വയസോളം പ്രായമുള്ള പെൺകടുവയാണ് ചത്തത്. ഈ കടുവ വയനാട് ഡാറ്റബേസിൽ ഉള്ളതല്ല. കാടിറങ്ങുന്ന കടുവ ആദ്യം കാലികളെയാണ് പിടിക്കുന്നത്. മനുഷ്യനെ നേരിട്ട് ആക്രമിക്കുന്നത് അപൂർവമാണ്. ആന്തരികാവയവങ്ങളുടെ പരിശോധനയ്‌ക്ക് സാമ്പിളുകൾ ശേഖരിച്ചു. പഞ്ചാരക്കൊല്ലിയിൽ നിരീക്ഷണം തുടരുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടത്. പിലാക്കാവ് ഭാഗത്താണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ച് പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്‌ഥലത്തായിരുന്നു ജഡം. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചത്തെന്നാണ് സംശയം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വനംവകുപ്പ് കടുവയ്‌ക്കായുള്ള തിരച്ചിലിൽ ആയിരുന്നു. കടുവയെ വെടിവെച്ചുകൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദി ജി കൃഷ്‌ണൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള എട്ടുപേർ അടങ്ങുന്ന പത്ത് ടീമുകളായി 80 പേരാണ് രാവും പകലും പട്രോളിങ് നടത്തിയത്. ഇതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടത്.
Most Read| വഖഫ് ബില്ലിന് സംയുക്‌ത പാർലമെന്ററി സമിതിയുടെ അംഗീകാരം