കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
വസ്തുതകൾ പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് വിധിയെന്നാണ് അപ്പീലിലെ പ്രധാന വാദം. സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പിഴവുകളുണ്ട്. ഭരണകക്ഷി നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ ആളാണ് പ്രതി സ്ഥാനത്ത്. കൊലപാതക സാധ്യത തള്ളിക്കളയാനാവില്ലെന്നും സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസ്യതയില്ലെന്നും അപ്പീലിൽ ആരോപിക്കുന്നു.
2024 ഓഗസ്റ്റ് 15ന് രാവിലെയാണ് നവീൻ ബാബുവിനെ കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് കണ്ണൂർ കളക്ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ആത്മഹത്യക്ക് പിന്നിൽ അഴിമതി ആരോപണമാണെന്ന പരാതികൾ ഉയർന്നതോടെ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു.
അന്വേഷണത്തിനായി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും കേസ് അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് സിബിഐ അന്വേഷിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ, കുടുംബം സമർപ്പിച്ച ഹരജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളുകയായിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. പകരം കണ്ണൂർ ഡിഐജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രത്യേകാന്വേഷണ സംഘം അന്വേഷണ പുരോഗതി യഥാസമയങ്ങളിൽ ഹരജിക്കാരെ അറിയിക്കണം. എസ്ഐടിയുടെ അന്തിമ റിപ്പോർട് ഡിജിപിക്ക് സമർപ്പിക്കുകയും അന്തിമ അനുമതി തേടുകയും വേണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹരജി തീർപ്പാക്കിയത്. നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്നതടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
Most Read| സംസ്ഥാനത്ത് ചൂട് കൂടുന്നു; കടകളിൽ കുടിവെള്ള ബോട്ടിലുകൾ വെയിലത്ത് വയ്ക്കരുത്








































