മലപ്പുറം: അങ്കണവാടിയിലെ ഉപ്പുമാവ് കഴിച്ച് മടുത്തെന്നും ബിർണാണിം പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെടുന്ന, ആലപ്പുഴ ദേവീകുളങ്ങരയിലെ അങ്കണവാടിയിലെ ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ ഈ മാസം ആദ്യം മുതൽ വൈറലാണ്. കുട്ടിയുടെ വീഡിയോ കണ്ട് ആരോഗ്യമന്ത്രി വീണാ ജോർജ് അന്നുതന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു.
അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്കരിക്കുമെന്നും, ബിരിയാണി നൽകാൻ വേണ്ട നടപടികൾ എടുക്കുമെന്നും മന്ത്രി ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ, ഇങ്ങനെ ഒരാവശ്യം ഉയരും മുൻപുതന്നെ മലപ്പുറം നഗരസഭയിലെ അങ്കണവാടികളിൽ കുട്ടികൾക്ക് ബിരിയാണിയും ഫ്രൈഡ് റൈസും നൽകുന്നുണ്ട്. അതുകൊണ്ടു മലപ്പുറത്തെ അങ്കണവാടികളിൽ ബിരിയാണി ഒരു സംഭവമേ അല്ല.
ചൊവ്വാഴ്ചകളിൽ ഫ്രൈഡ് റൈസും വെള്ളിയാഴ്ചകളിൽ ബിരിയാണിയുമാണ് മലപ്പുറത്തെ 64 അങ്കണവാടികളിലും നൽകുന്നത്. അങ്കണവാടി അധ്യാപികമാർ തന്നെയാണ് ഈ ആവശ്യം ഉന്നയിച്ചത്. നഗരസഭയിൽ നിന്ന് അനുമതി കിട്ടിയതോടെ ഉടൻ മെനു മാറ്റി. ആദ്യം സാധാരണ അരി കൊണ്ടുതന്നെ ബിരിയാണി തയ്യാറാക്കുകയായിരുന്നു.
പിന്നീട് നഗരസഭാംഗങ്ങളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് ബിരിയാണി അരിയാക്കി. പോഷകബാല്യം പദ്ധതിയിൽ മുട്ട കിട്ടിയിരുന്നപ്പോൾ മുട്ട ബിരിയാണിയായി നൽകിയിരുന്നു. ഇപ്പോൾ സാധാരണയായി വെജിറ്റബിൾ ബിരിയാണിയാണ്. ബിരിയാണി തയ്യാറാക്കാൻ അധികമായി കുറച്ച് പച്ചക്കറി വാങ്ങേണ്ടിവരുന്നതിന് കുറച്ച് പണം കണ്ടെത്തുകയാണ് വേണ്ടിവരുന്നത്. അതിന് ബുദ്ധിമുട്ട് ഉണ്ടാകാറില്ല- നഗരസഭയുടെ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പികെ അബ്ദുൾ ഹക്കിം പറഞ്ഞു.
പ്രായോജകരെ കിട്ടുന്ന ഇടങ്ങളിൽ പലപ്പോഴും ചിക്കൻ ബിരിയാണി നൽകാൻ കഴിയുന്നുണ്ട്. മുനിസിപ്പാലിറ്റി പരിധിയിലെ അങ്കണവാടികളിലായി രണ്ടായിരത്തോളം കുട്ടികളാണുള്ളത്. രണ്ടുമാസമായി ഇവർ ബിരിയാണി കഴിക്കുന്നുണ്ട്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ