ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നേറ്റം തുടർന്ന് ബിജെപി. ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. നിലവിലെ ഭരണകക്ഷിയായ എഎപിയാണ് രണ്ടാമത്. കോൺഗ്രസ് രണ്ടു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്.
ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ അരവിന്ദ് കെജ്‌രിവാൾ, മുഖ്യമന്ത്രി അതിഷി എന്നിവർ പിന്നിലാണ്. എഎപി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മൽസരത്തിനാണ് തലസ്‌ഥാനം വേദിയായത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലേറിയത്.
എന്നാൽ, ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു. 19 എക്‌സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്ക് വ്യക്‌തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുമ്പോൾ നാലെണ്ണത്തിൽ എഎപിയാണ് മുന്നിൽ. 60.54% പോളിംഗാണ് ഇക്കുറി ഡെൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020ൽ 70ൽ 62 സീറ്റ് നേടിയാണ് എഎപി അധികാരത്തിലേറിയത്.
19 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 10,000 പോലീസ് ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തി ത്രിതല സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും രണ്ട് കമ്പനി അർധസൈനിക സേനയെയും വിന്യസിച്ചിട്ടുണ്ട്. 70 മണ്ഡലങ്ങളിലായി 699 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുണ്ടായിരുന്നത്. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷൻമാരും 72.36 ലക്ഷം സ്‌ത്രീകളും 1267 പേർ ട്രാൻസ്ജെൻഡറുകളുമാണ്.
Most Read| 487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി യുഎസ് ഉടൻ തിരിച്ചയക്കും