തിരുവനന്തപുരം: സംസ്‌ഥാനത്തെ 28 തദ്ദേശ വാർഡുകളിലേക്ക് തിങ്കളാഴ്‌ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. 15 സീറ്റുകളിൽ എൽഡിഎഫും 12 ഇടത്ത് യുഡിഎഫും വിജയിച്ചു. മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു. കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോഴിക്കോട് പുറമേരി പഞ്ചായത്തിൽ യുഡിഎഫ് സ്‌ഥാനാർഥി പുതിയോട്ടിൽ അജയൻ വിജയിച്ചു. കരുളായി പഞ്ചായത്തിലെ ചക്കിട്ടാമല വാർഡിലും യുഡിഎഫ് വിജയം നേടി. കോട്ടയം രാമപുരം പഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥി ടിആർ രജിത വിജയിച്ചു. കണ്ണൂർ ജില്ലയിലെ പന്ന്യന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ശരണ്യ സുരേന്ദ്രൻ വിജയിച്ചു.
ക്ളാപ്പന പഞ്ചായത്തിൽ പ്രയാർ തെക്ക് രണ്ടാം വാർഡിൽ എൽഡിഎഫ് സ്‌ഥാനാർഥി ജയാ ദേവിയും ജയിച്ചു. ആലപ്പുഴ ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മുട്ടാർ പഞ്ചായത്ത് മൂന്നാം വാർഡിൽ യുഡിഎഫ് സ്‌ഥാനാർഥി ബിൻസി ഷാബു വിജയിച്ചു. കാവാലം പഞ്ചായത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി ഡി മംഗളാനന്ദൻ വിജയിച്ചു. മുണ്ടൂർ 12ആം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥി പ്രശോഭ് വിജയിച്ചു.
പത്തനംതിട്ടയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അയിരൂർ പഞ്ചായത്തിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. 116 വോട്ടിനാണ് ജയം. പുറമറ്റം പഞ്ചായത്തിൽ 152 വോട്ടിന് വിജയിച്ചു എൽഡിഎഫ് സീറ്റ് നിലനിർത്തി. പത്തനംതിട്ട നഗരസഭയിൽ കഴിഞ്ഞതവണ യുഡിഎഫ് വിമത ജയിച്ച സീറ്റിൽ ഇത്തവണ എൽഡിഎഫ് മൂന്ന് വോട്ടിന് വിജയിച്ചു.
ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ 17,982 പുരുഷൻമാരും 20,937 സ്‌ത്രീകളും ഉൾപ്പടെ ആകെ 38,919 പേർ (65.83%) വോട്ട് രേഖപ്പെടുത്തി. 87 സ്‌ഥാനാർഥികളാണ് ജനവിധി തേടിയത്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വിജ്‌ഞാപനം പുറപ്പെടുവിച്ചത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ