കൊച്ചി: കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പടക്കം പൊട്ടിക്കുന്നത് അസ്വസ്‌ഥത ഉണ്ടാക്കുന്നുണ്ടെങ്കിൽ എന്തിനാണ് ആനയെ അവിടേക്ക് കൊണ്ടുപോകുന്നതെന്ന് കോടതി ചോദിച്ചു.
ആനയ്‌ക്ക് കൂച്ചുവിലങ്ങ് ഇട്ടിരുന്നില്ലെന്നും പടക്കം പൊട്ടുന്ന ശബ്‌ദം കേട്ട് ആന ഇടയുകയായിരുന്നു എന്നുമുള്ള ഗുരുവായൂർ ദേവസ്വം ബോർഡിന്റെ റിപ്പോർട് പരിശോധിക്കുകയായിരുന്നു കോടതി. വെറ്ററിനറി സർജനാണ് റിപ്പോർട് സമർപ്പിച്ചത്. ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ എഴുന്നള്ളിക്കുകയും മറ്റും ചെയ്യുന്നതിലും ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്‌ണ എന്നിവർ വിമർശനം രേഖപ്പെടുത്തി.
അതോടൊപ്പം, ഗുരുവായൂർ ആനക്കോട്ടയിലെ 39 ആനകളിൽ എത്രയെണ്ണത്തിന് ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഉണ്ടെന്നും കോടതി ആരാഞ്ഞു. സർട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ എങ്ങനെയാണ് എഴുന്നള്ളിക്കാനും മറ്റും അയക്കുന്നതെന്നും കോടതി ചോദിച്ചു. കൊയിലാണ്ടിയിൽ ഇടഞ്ഞ ആനയെ മൂന്നാഴ്‌ചയായി പരിപാടികൾക്കും മറ്റും കൊണ്ടുപോയിരുന്നു എന്നാണ് രജിസ്‌റ്ററിൽ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ സമയത്ത് ആനയ്ക്കുള്ള ഭക്ഷണ കാര്യങ്ങളും മറ്റും ആരാണ് നോക്കുന്നത്? എങ്ങനെയാണ് ഇത് ഉറപ്പാക്കുന്നതെന്നും കോടതി ആരാഞ്ഞു. ഈ മൂന്ന് കാര്യങ്ങളിലും അടുത്ത ചൊവ്വാഴ്‌ച കേസ് പരിഗണിക്കുമ്പോൾ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നിർദ്ദേശം. ഈ മാസം 13നാണ് ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി