ഒട്ടാവ: കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചി പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഗവർണർ ജനറൽ മേരി സൈമണുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് തിരഞ്ഞെടുപ്പ് തീരുമാനിച്ചത്.
ജസ്‌റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്‌ചക്കുള്ളിലാണ് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ മാർക്ക് തീരുമാനിച്ചത്. പാർലമെന്റ് പിരിച്ചുവിടാനുള്ള ആവശ്യം ഗവർണർ അംഗീകരിക്കുകയായിരുന്നു. യുഎസ്- കാനഡ വ്യാപാര യുദ്ധത്തിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
ഒക്‌ടോബർ 20നുള്ളിലാണ് കാനഡയിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ, നേരത്തെ വോട്ടെടുപ്പ് നടത്തിയാൽ ലിബറൽ പാർട്ടിക്ക് അത് ഗുണം ചെയ്യുമെന്നാണ് കാർണിയുടെ പ്രതീക്ഷ. കാനഡയെ യുഎസിനോട് കൂട്ടിച്ചേർത്താക്കാനുള്ള ട്രംപിന്റെ നീക്കത്തോടും കാനഡക്കെതിരായ തീരുവ വർധനകളും വോട്ടുകളാക്കാനാണ് കാർണിയുടെ ശ്രമം.
കടുത്ത ട്രംപ് വിരുദ്ധൻ കൂടിയായ കാർണിക്ക് ജനപിന്തുണ കൂടുതലാണെന്നാണ് സർവേകളും പറയുന്നത്. നെഗറ്റീവ് രാഷ്‌ട്രീയത്തിനെതിരെയും ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്കെതിരെയും പോരാടുമെന്ന് പ്രഖ്യാപിച്ച് കാർണി പ്രചാരണത്തിനും തുടക്കമിട്ട് കഴിഞ്ഞു. കനേഡിയൻ പാർലമെന്റിൽ ലിബറൽ പാർട്ടിയുടെ 153 എംപിമാരിൽ 131 പേർ ട്രൂഡോയ്‌ക്ക് എതിരായിരുന്നു.
കൂടാതെ പാർട്ടിയുടെ അറ്റ്ലാന്റിക്, ഒന്റാറിയോ, ക്യൂബെക് പ്രവിശ്യകളിലെ ലിബറൽ പാർട്ടിയുടെ നേതൃത്വവും ട്രൂഡോ സ്‌ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതേത്തുടർന്നാണ് മാർക്ക് കാർണി പ്രധാനമന്ത്രി പദവിയിലേക്കെത്തിയത്. സ്വതന്ത്രവും നീതിയുക്‌തവുമായ വ്യാപാരത്തിന് കാനഡയുമായി യുഎസ് കൈകോർക്കണമെന്നും അതുവരെ തിരിച്ചടികൾ തുടരുമെന്നും പ്രധാനമന്ത്രിയായതിന് പിന്നാലെ കാർണി വ്യക്‌തമാക്കിയിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ