താമരശ്ശേരി: റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി സ്വിഫ്‌റ്റ് ബസ് പാഞ്ഞുകയറി അപകടം. മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ദേശീയപാത 766ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം.
റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്റെ കൊമ്പിൽ നിന്നും മാങ്ങ ശേഖരിച്ചുകൊണ്ടിരുന്ന ആളുകൾക്കിടയിലേക്ക് ബസ് പാഞ്ഞു കയറുകയായിരുന്നു. അമ്പായത്തോട് കാരമുക്ക് ഗഫൂർ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ (42) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിൽസ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗഫൂറിന്റെ പരിക്ക് ഗുരുതരമാണ്. ബിബീഷ് സുഹൃത്തിനൊപ്പം സ്‌കൂട്ടറിലും സതീഷ് കുമാർ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുമ്പോൾ മാങ്ങ ശേഖരിക്കാൻ വാഹനങ്ങൾ നിർത്തുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
Most Read| രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം







































