ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചതായി വീണാ ജോർജ് പറഞ്ഞു.
ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് നദ്ദയുമായി ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയതിനുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്. ”ആശമാരുടെ പൊതുവായ പ്രശ്‌നങ്ങൾ മന്ത്രി വിശദമായി കേട്ടു. ഇക്കാര്യത്തിൽ സംസ്‌ഥാനത്തിന്റെ അഭ്യർഥനകൾ അദ്ദേഹത്തെ അറിയിച്ചു.
ഇൻസെന്റീവ് വർധിപ്പിക്കുന്നതും ആശമാരെ തൊഴിൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രിയുമായി സംസാരിച്ചു. ഇൻസെന്റീവ് വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും അത് പരിശോധിക്കുന്നുണ്ടെന്നുമാണ് മന്ത്രി അറിയിച്ചത്”- വീണാ ജോർജ് പറഞ്ഞു.
ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കണം, 2023-24 സാമ്പത്തിക വർഷത്തിൽ തടഞ്ഞുവെച്ച 637 കോടി രൂപ എത്രയും വേഗം നൽകണം, എയിംസ് അനുവദിക്കണം, കാസർഗോഡും വയനാടും മെഡിക്കൽ കോളേജിന് സഹായം നൽകണം തുടങ്ങിയ വിഷയങ്ങളാണ് മന്ത്രിയുമായി സംസാരിച്ചത്. മന്ത്രിയുടെ മറുപടിയിൽ പ്രതീക്ഷയുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.
കഴിഞ്ഞതവണ ക്യൂബൻ സംഘത്തെ കാണാൻ ഡെൽഹിയിലെത്തിയ വീണാ ജോർജ്, ജെപി നദ്ദയുമായി കൂടിക്കാഴ്‌ചയ്‌ക്ക് സമരം തേടിയിരുന്നെങ്കിലും പാർലമെന്റ് നടക്കുന്ന സമയമായതിനാൽ അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് രണ്ട് നിവേദനങ്ങൾ ആരോഗ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയിരുന്നു. തുടർന്ന് ഇന്നത്തേക്ക് കൂടിക്കാഴ്‌ച നിശ്‌ചയിക്കുകയായിരുന്നു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ







































