ന്യൂഡെൽഹി: ബംഗാളിലെ 25,000ത്തിലധികം അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം റദ്ദാക്കി സുപ്രീം കോടതി. ബംഗാൾ സ്‌കൂൾ സർവീസസ് കമ്മീഷൻ നിയമന കുംഭകോണത്തിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. നേരത്തെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവാണ് ഇന്ന് സുപ്രീം കോടതി ശരിവെച്ചത്.
ബംഗാളിലെ മമത ബാനർജി സർക്കാരിന് കനത്ത തിരിച്ചടിയാണ് കോടതി വിധി. 2024 ഏപ്രിൽ മാസം ആദ്യമാണ് 2016ലെ അധ്യാപക നിയമനം റദ്ദാക്കി കൽക്കട്ട ഹൈക്കോടതി ഉത്തരവിടുന്നത്. ജോലി ലഭിക്കുന്നതിന് വേണ്ടി ഉദ്യോഗാർഥികളിൽ ചിലർ കൈക്കൂലി നൽകിയെന്ന ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ ആയിരുന്നു നടപടി.
ശൂന്യമായ ഒഎംആർ ഷീറ്റുകൾ സമർപ്പിച്ച് നിയമവിരുദ്ധമായി ഇവർ നിയമിക്കപ്പെട്ടു എന്നാണ് ആരോപണം. അധ്യാപക നിയമന കേസിൽ മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി ഉൾപ്പടെ നിരവധി തൃണമൂൽ നേതാക്കളും മുൻ ഉദ്യോഗസ്‌ഥരും ജയിലിലാണ്. ബിജെപി നേതാക്കൾ ജുഡീഷ്യറിയെയും വിധിന്യായങ്ങളെയും സ്വാധീനിച്ചാണ് കോടതി വിധി സമ്പാദിച്ചത് എന്നായിരുന്നു ഹൈക്കോടതി ഉത്തരവ് പുറത്തുവന്നപ്പോൾ മുഖ്യമന്ത്രി മമത പറഞ്ഞത്.
Most Read| വിഷാദരോഗവും ആത്‍മഹത്യാ ചിന്തകളും; ശാസ്‌ത്ര വിദ്യാർഥികളിൽ വർധിക്കുന്നതായി പഠനം






































