തിരുവനന്തപുരം: കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്‌ജിതമാക്കുകയും വ്യക്‌തിഗത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്‌തുകൊണ്ട് ചിക്കുൻഗുനിയക്കെതിരെ ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
“ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേർന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കുൻഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളം കരുതിയിരിക്കേണ്ടതുണ്ട്. 2006–2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കൻഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയൻ ദ്വീപുകളിൽ തുടങ്ങി നമ്മുടെ നാട് ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു.” -മന്ത്രി പറഞ്ഞു.
എണ്ണത്തിൽ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയൻ ദ്വീപുകളിൽ ഇപ്പോൾ ചിക്കുൻഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകൾക്ക് രോഗബാധ സ്‌ഥിരീകരിക്കുകയും നവജാതശിശുക്കൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ ആശുപത്രികളിൽ അഡ്‌മിറ്റ് ആവുകയും ചെയ്‌തിട്ടുണ്ട്. ഇതിനെ തുടർന്ന് ലോകാരോഗ്യ സംഘടന വിദഗ്‌ധരുടെയോഗം വിളിച്ചു ചേർക്കുകയും സ്‌ഥിതിഗതികൾ വിലയിരുത്തുകയും ചെയ്‌തു. ഈ പാശ്‌ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്തെ പ്രതിരോധം ശക്‌തമാക്കാൻ ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈഡിസ് ഈജിപ്‌തി/ആൽബോപിക്റ്റസ് കൊതുകുകളാണ് ചിക്കുൻഗുനിയ പരത്തുന്നത്. അതിനാൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്‌ജിതമാക്കുകയും വ്യക്‌തിഗത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും മഴക്കാലപൂർവ ശുചീകരണ യോഗങ്ങൾ ചേർന്നിരുന്നു. മഴക്കാലപൂർവ ശുചീകരണം എല്ലാ തദ്ദേശ സ്‌ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി അഭ്യർഥിച്ചു.
പ്രതിരോധ മാർഗങ്ങൾ
- വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.
- കൊതുകുകൾ മുട്ടയിടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. (ഉദാഹരണത്തിന്: വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങൾ, ടയറുകൾ, ചിരട്ടകൾ എന്നിവ നീക്കം ചെയ്യുക).
- വീട്ടിലെ ജല സംഭരണികൾ അടച്ചു വെക്കുക.
- കൊതുക് കടിയിൽ നിന്ന് രക്ഷ നേടാൻ കൊതുക് വലകൾ, ലേപനങ്ങൾ എന്നിവ ഉപയോഗിക്കുക.
- ശരീരം മൂടുന്ന വസ്‌ത്രങ്ങൾ ധരിക്കുക.
- പകൽ സമയത്തും കൊതുകുകൾ കടിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
- എല്ലാ വീടുകളിലും സ്‌ഥാപനങ്ങളിലും കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തുക.
- തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളിൽ സഹകരിക്കുക.
- ചിക്കൻഗുനിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളിൽ (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളിൽ ചർമ്മത്തിൽ തടിപ്പുകൾ എന്നിവയാണ് ചിക്കൻഗുനിയയുടെ രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
സ്വയം ചികിൽസ ഒഴിവാക്കുക. നീണ്ട് നിൽക്കുന്ന പനിയാണെങ്കിൽ വിദഗ്‌ധ ചികിൽസ തേടുക. മുൻപ് ചിക്കൻഗുനിയ വന്നിട്ടുള്ളവർക്ക് പ്രതിരോധശക്‌തി ഉണ്ടാകാനുള്ള സാധ്യത ഉണ്ടങ്കിലും, ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതൽ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. യൂണിയൻ ദ്വീപുകളിൽ നവജാത ശിശുക്കൾ ഉൾപ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്‌ഥാനത്തിൽ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്‌ക്കുള്ളിൽ തന്നെ കിടത്തുന്ന കാര്യം ശ്രദ്ധിക്കണം.
NATIONAL | ഇന്ധനവില: എക്‌സൈസ് തീരുവ കൂട്ടി കേന്ദ്ര സർക്കാർ