കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെൻഡ് ചെയ്‌ത് ഫെഫ്‌ക. കേസിന്റെ പശ്‌ചാത്തലത്തിൽ ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ ഫെഫ്‌ക നേതൃത്വം ഡയറക്‌ടേഴ്‌സ് യൂണിയന് നിർദ്ദേശം നൽകിയിരുന്നു.
ലഹരിയുമായി സിനിമാ സെറ്റിൽ നിന്ന് പിടികൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ വ്യക്‌തമാക്കിയിരുന്നു. നടൻ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസിലായിരുന്നു ബി ഉണ്ണികൃഷ്‌ണന്റെ പ്രതികരണം.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാലിഹ് മുഹമ്മദിനെയും എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നാണ് മൂവരെയും പിടികൂടിയത്. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് സംവിധായകരിൽ നിന്നും പിടിച്ചെടുത്തത്. ലഹരി ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ എക്‌സൈസിന്റെ പിടിയിലാകുന്നത്.
ഇവർ സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇവർ ഫ്‌ളാറ്റിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന. സമീർ താഹിറിന്റെ ഫ്ളാറ്റ് നേരത്തെ എക്‌സൈസ് നിരീക്ഷണത്തിൽ ആയിരുന്നുവെന്നാണ് വിവരം.
നേരത്തെയും രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഇവിടെ പരിശോധന നടന്നിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ലഹരിമരുന്നിനൊപ്പം അത് ഉപയോഗിക്കേണ്ട ക്രഷർ ഉൾപ്പടെയുള്ള ഉപകരണങ്ങളും ഫ്‌ളാറ്റിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഷാലിഹ് മുഹമ്മദാണ് കഞ്ചാവ് എത്തിച്ചത്. ഇയാൾ ഓസ്ട്രേലിയൻ മലയാളിയാണ്.
ലഹരി ഉപയോഗിക്കുന്നവർ മാത്രമല്ല, ഉപയോഗിക്കാൻ സൗകര്യം ഒരുക്കിക്കൊടുക്കുന്നവർക്ക് എതിരെയും കേസെടുക്കുമെന്ന് എക്‌സൈസ് അറിയിച്ചു. ഇതിന്റെ ഭാഗമായി സമീർ താഹിറിനെ ചോദ്യം ചെയ്യും. വൈകാതെ സമീറിന് നോട്ടീസ് നൽകാനാണ് തീരുമാനം.
സിനിമാരംഗത്തുള്ളവരാണ് മുറിയിലുള്ളത് എന്നായിരുന്നു എക്‌സൈസിന് ലഭിച്ച വിവരം. സിനിമയിൽ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്നുവെന്നാണ് എക്‌സൈസ് ചോദ്യം ചെയ്യലിൽ യുവസംവിധായകൻ പറഞ്ഞത്. എന്നാൽ, പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇവർ മുൻനിര സംവിധായകരാണെന്ന് മനസിലായത്.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി








































