തിരുവനന്തപുരം: മലയാള സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ഏറെനാളായി അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു.
ദേശീയ, അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയായിരുന്നു ഷാജി എൻ കരുൺ. 1952ൽ കൊല്ലം ജില്ലയിലെ ചിണ്ടചിറയിൽ ആയിരുന്നു ജനനം. പിന്നീട് തിരുവനന്തപുരത്തേക്ക് മാറി. പള്ളിക്കര സ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.
തുടർന്ന് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന അദ്ദേഹം, 1975ൽ ഛായാഗ്രഹണത്തിൽ ഡിപ്ളോമ നേടി. പിന്നീട് കുറച്ചുകാലം മദ്രാസിൽ ചിലവഴിച്ചതിന് ശേഷം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ഈ വേളയിലായിരുന്നു പ്രശസ്ത സംവിധായകനായ ജി അരവിന്ദനോടൊപ്പം ചേരുന്നത്.
തുടർന്ന് കെജി ജോർജ്, എംടി വാസുദേവൻ നായർ തുടങ്ങിയ പ്രമുഖരുടെ സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചു. 40ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള സിനിമകൾ അദ്ദേഹത്തിന്റേതായി മലയാളത്തിന് ലഭിച്ചു.
ആദ്യ ചിത്രമായ പിറവിക്ക് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ഏഴുതവണ വീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. ഫ്രഞ്ച് സർക്കാരിന്റെ ദ് ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതിക്കും അർഹനായി. 2011ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. മലയാള ചലച്ചിത്ര മേഖലയിലെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023ലെ ജെസി ഡാനിയേൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാൻ ആയിരുന്നു. നിലവിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനാണ്. ഭാര്യ: അനസൂയ വാര്യർ, മക്കൾ: അപ്പു കരുൺ, കരുൺ അനിൽ. സംസ്കാരം നാളെ വൈകീട്ട് നാലുമണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ






































